മുംബയ്: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരി മരുന്ന് വിതരണം ചെയ്യുന്ന ഏജന്റുമാരുടെ ഫോണ്‍ നമ്പറുകൾ കൈമാറിയത് സുഹൃത്തും നടിയുമായ അനന്യ പാണ്ഡേയെന്ന് എന്‍ സി ബി ഉദ്യോഗസ്ഥര്‍. 2018-19 കാലഘട്ടത്തില്‍ മൂന്ന് അവസരങ്ങളിലായി ലഹരി മരുന്ന് വിതരണം ചെയ്യുന്ന ഏജന്റുമാരുടെ ഫോണ്‍ നമ്പറുകൾ അനന്യ ആര്യന് കൈമാറിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അനന്യയുടെ മുംബയിലുള്ള വീട് എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തിരുന്നു. അവിടെ വച്ച് പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ ചാറ്റില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇതില്‍ ഒരു തവണ ഭൂരിപക്ഷം ബോളിവുഡ് താരങ്ങളും പങ്കെടുത്ത ഒരു പ്രശസ്ത പാര്‍ട്ടിക്കിടെയാണ് അനന്യ ലഹരി മരുന്ന് ആര്യന് എത്തിച്ചതെന്ന് എന്‍ സി ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എന്നാല്‍ ചോദ്യം ചെയ്യലില്‍ അനന്യ ഇത് നിഷേധിച്ചു. താന്‍ ഇന്നേ വരെ ലഹരി മരുന്ന് ഉപയോഗിക്കുകയോ അത് ആര്‍ക്കെങ്കിലും എത്തിച്ചുകൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ഇന്നലെ അനന്യയുടെ വീട്ടിലെ റെയ്ഡിനു ശേഷം നടിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം ഇന്ന് വീണ്ടും ഹാജരാകണമെന്ന നിബന്ധനയില്‍ നടിയെ വിട്ടയച്ചു. അനന്യയുടെ വീട്ടില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളാണ് എന്‍ സി ബി സംഘം കണ്ടെത്തിയത്. ഇത് വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments