Latest NewsNEWSSocial Media

‘കായംകുളം എംഎല്‍എ യു പ്രതിഭ ആനുകൂല്യങ്ങള്‍ വാഗ്ദാനം നൽകിയിരുന്നു, എന്നാൽ ഒന്നും കിട്ടിയില്ല’: മായ പനച്ചൂരാന്‍

തിരുവനന്തപുരം: കവിയും മലയാള ചലച്ചിത്ര ഗാനരചയിതാവുമായിരുന്നു അനിൽ പനച്ചൂരാൻ ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്നു’, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്നീ ഗാനങ്ങൾ കൊണ്ട് പ്രശസ്തിയിലേക്കുയർന്നു. 2021ന്റെ തുടക്കത്തിലാണ് ഹൃദയാഘാതം മൂലം അനില്‍ പനച്ചൂരാന്റെ അപ്രതീക്ഷിത മരണം. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കുടുംബത്തിന് സഹായം നല്‍കുമെന്ന് രാഷ്ട്രീയ നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഒന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ മായ പനച്ചൂരാന്‍. കായംകുളം എംഎല്‍എ യു പ്രതിഭ അനുശോചന യോഗങ്ങളില്‍ പൊട്ടിക്കരയുകയും ആനുകൂല്യങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മായ പനച്ചൂരാന്‍ പറയുന്നു.

മായ പനച്ചൂരാന്റെ കുറിപ്പ് :

‘നമസ്തേ, അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര്‍ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വല്ലതുമായോ’ എന്ന്. അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ അറ്റൻഡ് ചെയ്യാറില്ല. കാരണം നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല! ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ഈ വീട്ടില്‍ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാര്‍ത്തകള്‍ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളില്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി പ്രതിഭ ഉള്‍പ്പടെയുള്ള പ്രമുഖര്‍ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളില്‍ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

അനില്‍ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗര്‍ഭാഗ്യങ്ങളില്‍ വേദനിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു. ( എന്റെ ജോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സത്യാവസ്ഥ പറഞ്ഞു പറഞ്ഞു ഞാന്‍ തന്നെ മടുത്തിരുന്നു ) ഇപ്പോള്‍ ഒരു മറുപടിയായി. അത് ഇവിടെ സമര്‍പ്പിക്കുന്നു.

എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി. ദുരന്തമുഖങ്ങളില്‍ തല കാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട്; വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത്’- മായ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button