മലയാളികളുടെ പ്രിയ താരങ്ങളാണ് നടൻ ഇന്നസെന്റും മുകേഷും. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു എത്തിയപ്പോൾ പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്തിരുന്നു. ഇരുവരും ഇടത്പക്ഷ സഹയാത്രികർ ആകുകയും ഇന്നസെന്റ് എംപിയായും മുകേഷ് എംഎൽഎയായും രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തു. ഇപ്പോഴിതാ സ്ത്രീവിരുദ്ധ പരാമര്‍ശം ആരോപിച്ച് തന്റെയും മുകേഷിന്റെയും കോലം കത്തിച്ചതും അതുമായി ബന്ധപ്പെട്ട മറ്റ് സംഭവവും ഒരു അഭിമുഖത്തിൽ ഇന്നസെന്റ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.
‘കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ പണ്ടൊക്കെ സിനിമയിലെത്തുന്ന പെണ്‍കുട്ടികളെ സംവിധായകരോ നിര്‍മ്മാതാക്കളോ ചൂഷണം ചെയ്യുമായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഇന്ന് അതില്ല. ഇന്നാര്‍ക്കെങ്കിലും അങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായി തോന്നിയാല്‍ അതിനെ ഫലപ്രദമായി എതിര്‍ക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ പറഞ്ഞു. കോംപ്രമൈസിന് താല്‍പ്പര്യമുള്ളവര്‍ക്ക് സംഭവിക്കാറുണ്ടായിരിക്കുമെന്നും ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിവാദമായി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ എന്റെ വീടിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. എന്റെ കോലത്തിനൊപ്പം മുകേഷിന്റേതും കത്തിച്ചിരുന്നു.
പിന്നീട് ഒരിക്കല്‍ പിണറായി വിജയനെ കണ്ടപ്പോള്‍ എനിക്ക് ഒരു പരാതിയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റേയും മുകേഷിന്റെയും കോലം ഇങ്ങനെ ഒന്നിച്ചു കത്തിക്കരുത്. ഞാന്‍ എംപിയാണ് മുകേഷ് ഒരു മണ്ഡലത്തില്‍ മാത്രം ജയിച്ച ആളാണ് അയാളുടെയും എന്റെയും കോലം ഒന്നിച്ചു കത്തിക്കുന്നത് എനിക്കൊരു നാണക്കേടല്ലേ. ഇനി മുതല്‍ വെവ്വേറെ കത്തിക്കാന്‍ പറ.’ ഇന്നസെന്റ് പറഞ്ഞു.
Post Your Comments