തിരുവനന്തപുരം : ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ മലയാളികളെ ചിരിപ്പിച്ച ധാരാളം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് പ്രേംകുമാര്‍. ‘അമ്മാവാ’ എന്ന നീട്ടിയുള്ള വിളി ഇന്നും മലയാളികളുടെ മനസ്സിൽ താങ്ങി നിൽക്കുന്നതാണ്. നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച അദ്ദേഹം മലയാളികളുടെ ഇഷ്ടനടന് ആണ്. മകളുടെ ജന്മദിനത്തില് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവച്ച ഒരു വൈകാരിക കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത്തവണയും തന്റെ മകളുടെ പിറന്നാള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന മറ്റു കുഞ്ഞുങ്ങളെ ഓര്‍ത്ത് ആഘോഷമാകുന്നില്ലെന്നാണ് താരം കുറിച്ചിരിക്കുന്നത്.
പ്രേംകുമാറിനെ കുറിപ്പ് :
‘തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങള്‍. ചേരികളിലും അതിനെക്കാള്‍ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളില്‍ വീണുലയുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങള്‍. ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നു കരയുന്ന നിരാംലബ ബാല്യങ്ങള്‍. ദാരിദ്ര്യത്തിന്റെ, നരക യാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍. പഠിക്കേണ്ട പ്രായത്തില്‍ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങള്‍. ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങള്‍. പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളില്‍ പോഷകാംശം ലേശവുമില്ലാതെ മരിച്ചു വീഴുന്ന കുരുന്നു കുഞ്ഞുങ്ങള്‍. ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓര്‍ത്തു കൊണ്ട്.. അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളില്‍ നിറച്ചു കൊണ്ട് പതിവു പോലെ ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം, എന്ന്. പ്രേംകുമാര്‍, ജിഷാപ്രേം’- കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് പ്രേംകുമാര്‍ കുറിച്ചു.
Post Your Comments