കൊല്ലം: മലയാള സിനിമയുടെ കാരണവരായ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഓർമ്മയായിട്ട് ഇന്ന് 35 വർഷം. വെള്ളിത്തിരയുടെ ദൃശ്യവിസ്‌മയത്തില്‍ കൊട്ടാരക്കരയുടെ പേരിന് പ്രൗഢി പകർന്ന അതുല്യ പ്രതിഭയാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍. മലയാളികളുടെ മനസില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി താങ്ങി നിൽക്കുന്ന ചെമ്മീന്‍ എന്ന സിനിമയിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം മാത്രം മതി ഈ പ്രതിഭയുടെ അഭിനയത്തികവിന് സാക്ഷ്യമായി.
ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടുകളും മോഷന്‍ പിക്ചര്‍ അക്കാഡമികളും ഇല്ലാതിരുന്ന ഒരു കാലത്ത് അഭിനയത്തികവിന്റെ അമ്പരപ്പിക്കുന്ന സാന്നിദ്ധ്യമായിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായര്‍. പ്രസന്ന മുതല്‍ മിഴിനീര്‍പ്പൂവുകള്‍ വരെയുള്ള 160 സിനിമകളിലാണ് അര നൂറ്റാണ്ട് കാലത്ത് ഈ നടന്‍ അഭിനയത്തിന്റെ പകര്‍ന്നാട്ടം നടത്തിയത്. ഏറെയും ചരിത്ര കഥാപാത്രങ്ങളാണ് കൊട്ടാരക്കരയ്‌ക്ക് ഇണങ്ങിയത്. മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ മന്ത്രവാദിയിലൂടെ പുതുതലമുറയ്‌ക്കും അദ്ദേഹം പരിചിതനായി. അരനാഴികനേരം എന്ന ചിത്രത്തിലെ അഭിനയത്തിന് 1970ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.
കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കൊരട്ടിയോട് വീട്ടില്‍ നാരായണ പിള്ളയുടെയും ഉമ്മിണി അമ്മയുടെയും മകനായി 1922 സെപ്‌തംബര്‍ 11നാണ് ശ്രീധരന്‍ നായര്‍ ജനിച്ചത്. പത്താം വയസില്‍ നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് ജയശ്രീ കലാമന്ദിരം എന്ന പേരില്‍ നാടക കമ്പനി തുടങ്ങി. വേലുത്തമ്പി ദളവ ആദ്യമായി അരങ്ങിലെത്തിച്ചത് ഈ നാടക കമ്പനിയാണ് . 1950ല്‍ പ്രസന്നയിലൂടെ ശ്രീധരന്‍ നായര്‍ വെള്ളിത്തിരയിലെത്തി. വില്ലനായിട്ടായിരുന്നു തുടക്കമെങ്കിലും അധികം വൈകാതെ നായക പദവിയിലേക്കുയര്‍ന്നു. വേഷമിട്ടാല്‍ കഥാപാത്രമായി ജീവിക്കുകയാണ് ശ്രീധരന്‍ നായരുടെ രീതിയെന്ന് പഴയ സിനിമാക്കാര്‍ പറയാറുണ്ട്. വേഷമഴിച്ച് വീട്ടിലെത്തിയാലും കഥാപാത്രം വിട്ടു പോവില്ലെന്ന് ബന്ധുക്കളും. അച്‌ഛന്റെ അഭിനയ പാടവം കൈമുതലാക്കി മക്കള്‍ സായികുമാറും ശോഭാ മോഹനും ചെറുമക്കള്‍ വിനുമോഹന്‍, അനുമോഹന്‍ തുടങ്ങി മരുമക്കളും കൊച്ചുമക്കളുമൊക്കെ സിനിമാ ലോകത്ത് ഇപ്പോഴും സജീവമാണ്. ശ്രീധരന്‍ നായരുടെ അഭിനയ ജീവിതത്തിന് എന്നും വലിയ പ്രോത്സാഹനമായിരുന്ന ഭാര്യ വിജയലക്ഷ്‌മിയമ്മയുടെ സാന്നിദ്ധ്യമില്ലാതെയാണ് ഇക്കുറി ഓര്‍മ്മദിനം എത്തുന്നത്. ജനുവരിയില്‍ 93ാം വയസിലാണ് വിജയലക്ഷ്‌മിയമ്മ വിട പറഞ്ഞത്.
കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി അനുസ്‌മരണ സമ്മേളനം നടക്കും. വൈകിട്ട് 5ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം. എല്‍. എ പി. ഐഷാപോറ്റി, നഗരസഭാ ചെയര്‍മാന്‍ എ. ഷാജു, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, കാഥികന്‍ വി. ഹര്‍ഷകുമാര്‍, അമ്പലക്കര അനില്‍കുമാര്‍, ശോഭാമോഹന്‍, വിനു മോഹന്‍, ഡോ. പി. എന്‍. ഗംഗാധരന്‍ നായര്‍, ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിക്കും.
കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്ക് ജന്മനാട്ടില്‍ സ്‌മാരകം നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാന മന്ദിരത്തിന് ശ്രീധരന്‍ നായരുടെ പേരാണ് നല്‍കിയിട്ടുള്ളത്. മറ്റ് സ്‌മാരകങ്ങളൊന്നും ഈ അഭിനയപ്രതിഭയ്‌ക്കായി കൊട്ടാരക്കരയില്‍ ഉണ്ടായിരുന്നില്ല. മിനി സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ പ്രതിമ നിര്‍മ്മിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
Leave a Comment