GeneralLatest NewsNEWS

‘അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലേക്കാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വന്നുകയറിയത്’: നിരഞ്ജനെ അഭിനന്ദിച്ച്‌ എഎ റഹീം

ഇത്തവണ മികച്ച ബാലതാരത്തിനുള്ള പുരസ്ക്കാരം നേടിയത് കാസിമിന്റെ കടലിലെ ബിലാല്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച അഭിനയത്തികവിനാണ്. നിരഞ്ജൻ എന്ന താരപരിവേഷമില്ലാത്ത സാധാരണ ഒരു കുട്ടിക്കാണ് ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. ഈ പ്രതിഭയെ തേടി നിരഞ്ജന്റെ വീട്ടിലെത്തി ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം.

അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലാണ് നിരഞ്ജനും അച്ഛനും അമ്മയും സഹോദരിയും താമസിക്കുന്നത് എന്നാണ് റഹീം പറയുന്നത്. നിരഞ്ജന്‍ പാടും അഭിനയിക്കും ഫുട്ബോള്‍ കളിക്കും. റെജു ശിവദാസ് എന്ന നാടക പ്രവര്‍ത്തകനാണ് നിരഞ്ജനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കൂട്ടായ്മയായ സാപിയന്‍സിലൂടെയാണ് നിരഞ്ജന് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചതെന്നും റഹിം വ്യക്തമാക്കി. നിരഞ്ജനെ വീട്ടില്‍ നേരിട്ടെത്തിയാണ് റഹിം അഭിനന്ദനം അറിയച്ചത്. ഒന്നിച്ചുള്ള ചിത്രവും റഹിം പങ്കുവച്ചു.

റഹിമിന്റെ കുറിപ്പ്:

‘ഈ പുറകില്‍ കാണുന്ന അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ നിന്നാണ് ഇത്തവണത്തെ മികച്ച ബാലതാരം വെള്ളിത്തിരയില്‍ വരുന്നത്. പേര് നിരഞ്ജന്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥി. അച്ഛന്‍ സുമേഷ് കൂലിപ്പണിക്കാരന്‍. ബിരുദ വിദ്യാര്‍ത്ഥിയായ സഹോദരിയും അമ്മ സുജയും ഉള്‍പ്പെടെ ഇവര്‍ മൂന്നുപേരും ജീവിതം തള്ളി നീക്കുന്ന ഈ കൊച്ചു കുടിലിലേക്കാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വന്നുകയറിയത്.

അച്ഛന്‍ നന്നായി പാടും, നിരഞ്ജന്‍ പാടും, അഭിനയിക്കും, ഫുട്ബോള്‍ കളിക്കും. വളരെ യാദൃശ്ചികമായാണ് അഭിനയത്തിലേക്ക് നിരഞ്ജന്‍ എത്തുന്നത്. ഇത് പറയുമ്പോൾ മറ്റു രണ്ട്‌ പേരുകള്‍ ഇവിടെ പരാമര്‍ശിക്കേണ്ടി വരും, റെജു ശിവദാസ്, സാപ്പിയന്‍സ്. ആദ്യത്തേത് ഒരാളുടെ പേരാണ്. രണ്ടാമത്തേത്, അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഒരു കൂട്ടായ്മയുടെയും.

റെജു ശിവദാസ് എന്ന നാടക പ്രവര്‍ത്തകനാണ് നിരഞ്ജനെ കണ്ടെത്തിയത്. അവന്‍ വളര്‍ന്നത് സാപ്പിയന്‍സ് ഒരുക്കിയ ചെറിയ ചെറിയ അവസരങ്ങളിലൂടെയും. ഒരു ഗ്രാമത്തിന്റെ നന്മ നിലനിര്‍ത്താന്‍ നാടകവും കൂട്ടായ്മകളും വായനയും പ്രോത്സാഹിപ്പിക്കുന്ന സാപ്പിയന്‍സ് എന്ന സാംസ്‌കാരിക സംഘടനയാണ് നിരഞ്ജനെ ഈ കുടിലില്‍ നിന്നും സിനിമയുടെ അത്ഭുത ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയത്.

നിരഞ്ജനെ കാണാന്‍ ഇന്ന് പോയിരുന്നു. അച്ഛന്‍,തന്റെ നനഞ്ഞ കണ്ണുകള്‍ ഞങ്ങളില്‍ നിന്നും മറയ്ക്കാന്‍ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു. ചിലപ്പോളൊക്കെ അദ്ദേഹം അതില്‍ പരാജയപ്പെട്ടു. കണ്ണു നനഞ്ഞു, തൊണ്ട ഇടറാതിരിക്കാന്‍ വാക്കുകള്‍ അദ്ദേഹം മറച്ചു പിടിച്ചു. സന്തോഷം കൊണ്ട് മാത്രമാണ് ആ കണ്ണുകള്‍ നനയുന്നത് എന്ന് ഞാന്‍ കരുതുന്നില്ല.
തന്റെ പരാധീനതകള്‍,നൊമ്പരങ്ങൾ, മറച്ചു പിടിക്കാന്‍ ശ്രമിച്ചിട്ടും പറ്റാതെ പോയി. തികച്ചും സാധാരണക്കാരനായ,നന്മ മാത്രം സമ്പാദ്യമുള്ള ഒരു നല്ല മനുഷ്യന്‍.

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ കടലിലെ ബിലാല്‍ എന്ന കഥാപാത്രത്തിന്റെ അഭിനയത്തികവിനാണ് നിരഞ്ജന് ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. എനിക്കുറപ്പാണ്, നിരഞ്ജന്‍ ഇനിയും പടവുകള്‍ കയറും. കാരണം, പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളിലാണ് ഈ കുട്ടി ജനിച്ചതും ജീവിക്കുന്നതും വളരുന്നതും. അവന്‍ ഉയരങ്ങള്‍ കീഴടക്കും. ഉറപ്പ്. അപ്പോള്‍ അച്ഛന്റെ കണ്ണില്‍ സന്തോഷത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ മാത്രം നിറയും. പരാധീനതകള്‍ മായും.

അച്ഛന്, അമ്മയ്ക്ക്, പെങ്ങള്‍ക്ക്, റെജു ശിവദാസിന്,സാപ്പിയന്‍സിന് ഒക്കെയുള്ളതാണ് ഈ പുരസ്‌കാരം. ഹൃദയപൂര്‍വ്വം ഈ പ്രതിഭയെ നമുക്ക് ചേര്‍ത്തു പിടിയ്ക്കാം’

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, കിളിമാനൂര്‍ ബ്ലോക്ക് സെക്രട്ടറി ജിനേഷ്, പ്രസിഡന്റ് നിയാസ്, ട്രഷറര്‍ രെജിത്ത്, നാവായിക്കുളം മേഖലാ സെക്രട്ടറി അജീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button