തിരുവനന്തപുരം: അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിപ്പോൾ നടന്‍ ജയസൂര്യ മികച്ച നടനായും അന്ന ബെന്‍ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ നിരവധി പേര്‍ക്കാണ് അംഗീകാരങ്ങള്‍ ഇത്തവണ തേടി എത്തിയത്. ഒരു സിനിമ, സിനിമ ആവണമെങ്കില്‍ അവാര്‍ഡിന്റെ അടുത്ത് പോലും എത്താത്ത ചില ആളുകളുടെ കഠിനാധ്വാനം ഉണ്ടാവണമെന്ന നടന്‍ ഹരീഷ് പേരടി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍. അത്തരത്തില്‍ കഷ്ടപ്പെടുന്ന ചിലരുടെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ് :
‘സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തു പോലും പേരുകള്‍ വരാത്ത ഒരുപാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്. ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല. നല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മാനേജേര്‍സ്, നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്, നല്ല സിനിമാ യുണിറ്റ്, നല്ല ഫൈറ്റ് മാസ്റ്റര്‍, നല്ല സഹസംവിധായകര്‍, നല്ല ക്യാമറാ യുണിറ്റ്, നല്ല ഫോക്കസ് പുള്ളര്‍, നല്ല സ്റ്റുഡിയോ, നല്ല പിആര്‍ഒ, നല്ല ഡ്രൈവര്‍മാര്‍, നല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്.
ഇവരുടെയൊക്കെ വിയര്‍പ്പാണ് സിനിമ. ഇവര്‍ക്കൊക്കെ എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ്ണ പട്ടികയില്‍ ഇടം കിട്ടുക. അതിന് ഏസി റൂമിലിരുന്ന് സിനിമകള്‍ വിലയിരുത്തുന്നതിന് ഒപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിര്‍മ്മാണ മേഖലയിലേക്ക് കൂടി ഇറങ്ങി ചെല്ലണം. അപ്പോള്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും. സിനിമയുടെ അംഗീകാരങ്ങള്‍ ഇവരൊക്കെ അര്‍ഹിക്കുന്നുണ്ട്. ഈ മേഖലയിലെ കുറച്ച് പേരുടെ ഫോട്ടോസ് പങ്കുവെക്കുന്നു. ഇനിയുമുണ്ട് ഒരു പാട് ചങ്കുകള്‍’- ഹരീഷ് എഴുതി.
താരത്തിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ചിലരെത്തിയിരിക്കുകയാണ്. ‘ഹരീഷ് പേരടിയുടെ ഓരോ പോസ്റ്റിലെയും, ഓരോ വാക്കിലും, നൂറ് അര്‍ത്ഥം വരുന്ന വാക്കുകളും, കുറിക്ക് കൊള്ളുന്ന മര്‍മ പ്രയോഗങ്ങളും… ഇന്നും ഞാന്‍ പൊന്നു പോലെ ഹരീഷ് സാറിന്റെ ഒരു വോയ്സ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നൂറില്‍ പരം ഫൈറ്റ് എന്നെ കൊണ്ട് ചെയ്യിപ്പിച്ചിട്ട് ഒരു പോറല്‍ പോലും എന്റെ ശരീരത്തില്‍ ഏല്‍ക്കാതെ എന്നെ കാത്ത ഗുരുകള്‍ എന്ന് പറഞ്ഞു അങ്ങ് അയച്ചതാണ്. ഉരക്കും തോറും മാറ്റു കൂടുന്ന വന്ന വഴി മറക്കാത്ത കലാകാരന്‍. ഫൈറ്റില്‍ ഞാഞ്ഞൂലായ എന്നെ സര്‍പ്പ ഗണത്തില്‍ പെടുത്തിയ ആ വലിയ മനസിനെ പാരാട്ടുന്നു സാര്‍’- ഹരീഷിന്റെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചു.
‘ഹരീഷേട്ടാ ഇതിന് ഞാന്‍ എങ്ങിനെ നന്ദി പറയണം എന്നറിയില്ല.. നിങ്ങളുടെ അംഗീകാരം ഒരു അവാര്‍ഡിന് തുല്യമാണ്…. സ്‌നേഹം.. സന്തോഷം’- എന്ന് തുടങ്ങി വളരെയേറെ പ്രതികരണമാണ് ആ പോസ്റ്റിനു കിട്ടിയിരിക്കുന്നത്.
Post Your Comments