‘അവാര്‍ഡ് സച്ചി സാറിന് സമർപ്പിക്കുന്നു’: സച്ചി സാറിനെ ഓര്‍ത്തു കരഞ്ഞ് നഞ്ചിയമ്മ

അഗളി: അയ്യപ്പനും കോശിയിലെ ഗാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച നഞ്ചിയമ്മയ്ക്ക് തനിയ്ക്ക് കിട്ടിയ അവാര്‍ഡ് സംവിധായകന്‍ സച്ചിക്ക് സമർപ്പിച്ചു. പുരസ്‌കാര പ്രഖ്യാപന വേളയില്‍ നഞ്ചിയമ്മ കൂടന്‍ചാള ഊരിലെ മകന്‍ ശ്യാമിന്റെ വീട്ടിലായിരുന്നു.

‘ഈ അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകും. ഇത് ഞാൻ സാറിന്റെ ആത്മാവിന് സമര്‍പ്പിക്കുന്നു. സച്ചിസാറില്ലെങ്കിൽ സിനിമാ പിന്നണിഗാനരംഗത്ത് എത്തില്ലായിരുന്നു’- നഞ്ചിയമ്മ

പ്രത്യേക ജൂറി പരാമര്‍ശമുണ്ടെന്നു പറഞ്ഞപ്പോള്‍ ആദ്യം മനസ്സിലായില്ല. സര്‍ക്കാരിന്റെ സമ്മാനമാണെന്നു പറഞ്ഞപ്പോള്‍ ആദ്യം പുഞ്ചിരിച്ചു. പിന്നെ സച്ചി സാറിനെ ഓര്‍ത്തു കരഞ്ഞു. ‘എനിക്കറിയാം, സര്‍ക്കാര്‍ എനിക്കെന്തെങ്കിലും ചെയ്യുമെന്ന്’- നഞ്ചിയമ്മ പറഞ്ഞു. അയ്യപ്പനും കോശിയും ജനപ്രിയ സിനിമയായി തിരഞ്ഞെടുത്തെന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അയ്യപ്പനും കോശിയിലും പാടിയ ദൈവ മകളെ, കലക്കാത്ത എന്നീ പാട്ടുകളാണ് നഞ്ചിയമ്മയെ പ്രസിദ്ധയാക്കിയത്. നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി സംഗീത സംവിധാനം ചെയ്ത നാലുപാട്ടുകളാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കായി പാടിയത്. ഇതില്‍ ആദ്യം പുറത്തുവന്ന കലക്കാത്ത എന്ന ഗാനം കോടിക്കണക്കിന് പേരാണ് കണ്ടത്.

പ്രിയനന്ദനന്റെ സംവിധാനത്തിലൊരുങ്ങുന്ന, ഗോത്രവിഭാഗക്കാര്‍മാത്രം അഭിനയിക്കുന്ന ‘ധബാരി ക്യൂരുവി’യിലാണ് നഞ്ചിയമ്മ ഇപ്പോള്‍ അഭിനയിക്കുന്നത്.

Share
Leave a Comment