ഒരു കാലത്ത് അഭിനേത്രിയും ഗായികയുമൊക്കെയായിരുന്നു നടി ശ്രീലത നമ്പൂതിരി. അടൂർഭാസി – ശ്രീലത കൂട്ടുകെട്ട് മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ജോഡി ആയിരുന്നു. വിവാഹം കഴിഞ്ഞ് ഇരുപത്തിമൂന്ന് വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് ഇപ്പോള്‍ മിനിസ്ക്രീനിൽ സജീവമായിരിക്കുന്നത്. പ്രായത്തിന് അനുസരിച്ച് അമ്മ കഥാപാത്രങ്ങളിലാണ് ശ്രീലതയിപ്പോള്‍ അഭിനയിക്കുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി എത്തുന്നുണ്ട്.
23 വർഷത്തെ ഇടവേളയെക്കുറിച്ച് കന്യക മാഗസിന് നല്കിയ അഭിമുഖത്തിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് ശ്രീലത. ‘വിവാഹം കഴിഞ്ഞ് അദ്ദേഹം നാട്ടില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ഞാന്‍ മദ്രാസില്‍ അഭിനയിക്കുന്നത് ശരിയായി തോന്നിയില്ല. എന്തൊക്കെ പറഞ്ഞാലും കുത്തിത്തിരിപ്പ് പരിപാടികളൊക്കെ സിനിമയില്‍ ഒരുപാടുണ്ട്. എന്തിനാണ് അനാവശ്യമായി അങ്ങനെ ഒരോന്നില്‍ പോയി ചാടുന്നത്. ഒരുപാട് ജീവിതം കണ്ടിട്ടുണ്ട്. നമ്മള് കുടുംബവുമായി ഒത്ത് ചേര്‍ന്ന് മുന്നോട്ട് പോവാന്‍ ശ്രമിച്ചാല്‍ കുഴപ്പമില്ല. ജീവിതം ഒന്നേയുള്ളു. അത് നല്ല രീതിയില്‍ കൊണ്ട് പോകാന്‍ രണ്ട് കൂട്ടരും ശ്രമിക്കണം. വിവാഹശേഷം അദ്ദേഹത്തെ ജോലിയില്‍ സഹായിക്കാന്‍ പഠിച്ചു. ആയൂര്‍വേദ മരുന്നുകളൊക്കെ ഉണ്ടാക്കാന്‍ പഠിച്ചു’- ശ്രീലത പറഞ്ഞു.
‘എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷമെന്നത് നല്ലൊരു കുടുംബജീവിതം ലഭിച്ചു എന്നതാണ്. നല്ലൊരു ഭര്‍ത്താവിനെയാണ് എനിക്ക് കിട്ടിയത്. എന്റെ അമ്മയെക്കാള്‍ എന്റെ സ്വഭാവം നല്ലവണ്ണം മനസിലാക്കിയ വ്യക്തിയാണ്. തിരുവനന്തപുരത്ത് എം ഡിയ്ക്ക് പഠിക്കുമ്പോള്‍ അദ്ദേഹം നാടകത്തില്‍ ബെസ്റ്റ് ആക്ടര്‍ ഒക്കെ ആയിരുന്നു. ഞങ്ങളൊരുമിച്ചൊരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. എന്നെ പോലെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡാണ്. കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും. ഒരു ദിവസം സംസാരിച്ച് കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ചോദിച്ചത്. ഞാനത് തമാശയായിട്ടാണ് എടുത്തത്. അങ്ങനെ വലിയൊരു ബന്ധത്തിലേക്കൊന്നും പോവണ്ട എന്ന് കരുതി. അന്ന് ലാന്‍ഡ് ഫോണില്‍ വിളിക്കുമായിരുന്നു. എന്റെ കച്ചേരികള്‍ കേള്‍ക്കാനും അദ്ദേഹം വരും. വിവാഹത്തിന് മുന്‍പ് വീട് കാണണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് പോവുകയും ചെയ്തു’- താരം പറഞ്ഞു
Post Your Comments