കൊച്ചി : നടന്‍ ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി തന്റെ പിതാവ് സിനിമ എടുത്തിരുന്നുവെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഒരുമിച്ച് പഠിച്ച ജയന്റെ വിയോഗം തന്റെ അച്ഛന്‍ സുഭാഷ് ചന്ദ്രബാബുവിന് വലിയ ഷോക്ക് ആയിരുന്നുവെന്ന് വിജയ് പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പരാമർശിച്ചത്.
വിജയ് ബാബുവിന്റെ വാക്കുകൾ :
‘കൂട്ടുകാരന്റെ ഓര്‍മ്മയ്ക്കും വീട്ടുകാരെ സഹായിക്കാനുമായി ‘സൂര്യന്‍’ എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു. ജയന്റെ അനുജന്‍ അജയനെ അഭിനയിപ്പിക്കാന്‍ കൂടിയായിരുന്നു ആ സിനിമ. സുകുമാരനും സോമനും ജലജയും പൂര്‍ണിമ ജയറാമും ഉള്‍പ്പെടുന്ന വലിയൊരു താരനിര അഭിനയിച്ചു. അന്നാണ് ആദ്യമായി ഞാൻ ക്യാമറ കാണുന്നത്. അച്ഛന് ചില സിനിമാ ബന്ധങ്ങളുണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് മൂകാംബിക എന്ന പേരില്‍ ഒരു ലോഡ്ജുണ്ട്. കൊല്ലത്ത് എത്തുമ്പോള്‍ മിക്ക സിനിമാക്കാരും താമസിച്ചിരുന്നത് അവിടെയാണ്. ആ സിനിമയില്‍ സുകുമാരന്‍ ചേട്ടന്റെ കുട്ടിക്കാലം താനാണ് അഭിനയിച്ചത്. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്നു ഫോട്ടോ എടുത്തു. ആ ദിവസങ്ങള്‍ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. ഷൂട്ട് കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും തനിക്ക് ആ ദിവസങ്ങളില്‍ നിന്നിറങ്ങിപ്പോരാന്‍ പറ്റിയില്ല’- വിജയ് പറഞ്ഞു
എന്നാല്‍ വലിയ മുതല്‍ മുടക്കില്‍ ചെയ്ത ആ സിനിമ തന്റെ അച്ഛന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് വിജയ് പറഞ്ഞു. ആ ഒറ്റ സിനിമയേ അച്ഛന്‍ നിര്‍മ്മിച്ചിട്ടുള്ളൂവെന്നും വിജയ് ബാബു വ്യക്തമാക്കി.
Post Your Comments