GeneralLatest NewsNEWS

ആദ്യ പുരസ്കാര തിളക്കത്തിൽ സുധീഷ്: 34 വർഷത്തെ സിനിമാ ജീവിതം, മികച്ച സ്വഭാവ നടൻ ആയി പ്രിയതാരം

തിരുവനന്തപുരം : 34 വർഷത്തോളമായി സിനിമയ്ക്കൊപ്പമുണ്ട് മലയാളികളുടെ പ്രിയപ്പെട്ട സുധീഷ്. ‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഇത്തവണ നേടിയത് സുധീഷാണ്. പുരസ്കാര വാർത്ത തേടിയെത്തുമ്പോൾ കുടുംബത്തോടൊപ്പമായിരുന്നു നടൻ സുധീഷ്.

കേരളം മഴക്കെടുതി നേരിടുന്ന വേളയിൽ പുരസ്കാര നേട്ടം ആഘോഷിക്കാനുള്ള സാഹചര്യമല്ല ഉള്ളതെങ്കിലും ഈ അം​ഗീകാരം കൂടുതൽ ഉത്തരവാ​ദിത്തമായാണ് താൻ കാണുന്നതെന്ന് സുധീഷ് പറഞ്ഞു.

‘വളരെ വളരെ സന്തോഷത്തിലാണ്. ഇത്രയും നല്ല കഥാപാത്രങ്ങൾ ലഭിച്ചതിൽ അതിലേറെ സന്തോഷം. രണ്ട് ചിത്രങ്ങളുടെയും സംവിധായകരായ സിദ്ധാർഥ് ശിവയോടും ഷൈജു അന്തിക്കാടിനോടും ആദ്യം തന്നെ നന്ദി അറിയിക്കുന്നു. കരിയറിലെ ആദ്യ കാലങ്ങളിൽ നല്ല കുറേ കഥാപാത്രങ്ങൾ എന്നെ തേടിയെത്തിയിരുന്നു. പിന്നീട് വന്നതെല്ലാം ഒരേ തരം കഥാപാത്രങ്ങളായിരുന്നു. ഈ അടുത്ത കാലത്താണ് അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കൂടുതലും കിട്ടിത്തുടങ്ങിയത്. പ്രത്യേകിച്ചും തീവണ്ടിക്ക് ശേഷം. അതുകൊണ്ടായിരിക്കാം വൈകിയാണെങ്കിലും ഈ അം​ഗീകാരത്തിന് അർഹനായത്’- സുധീഷ് പറഞ്ഞു.

‘ഈ പുരസ്കാരം വലിയ ഉത്തരവാദിത്തമായാണ് ഞാൻ കാണുന്നത്. ഇനിയും നല്ല കുറേ ചിത്രങ്ങൾ വരാനുണ്ട്.അൽഫോൺസ് പുത്രന്റെ ‘​ഗോൾഡ്’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളി ചിത്രം ‘കനകം കാമിനി കലഹം’, മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. നല്ല കഥാപാത്രങ്ങളാണ്, ഒരുപാട് പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്’- താരം കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button