ടൈഗര്‍ ഷ്​റോഫിന്‍റെ ഫിറ്റ്​നസ്​ ട്രെയിനര്‍ കൈസാദ് കപാഡിയ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

മുംബൈ : കെ11 എഡ്യുക്കേഷന്‍ പ്രൈവറ്റ്​ ലിമിറ്റഡിന്‍റെ ഡയരക്​ടറായ ഫിറ്റ്​നസ്​ ട്രെയിനര്‍ കൈസാദ്​ കപാഡിയ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ബോളിവുഡ്​ താരം ടൈഗര്‍ ഷ്​റോഫിന്‍റെ ഫിറ്റ്​നസ്​ ട്രെയിനര്‍ ആയിരുന്നു അദ്ദേഹം. നിരവധി ബോളിവുഡ്​ സെലിബ്രിറ്റികളുടെ ശാരീരിക രൂപമാറ്റങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ്​ കൈസാദ്​.

അസുഖത്തെ തുടര്‍ന്ന് ​ ബുധനാഴ്ച രാവിലെ കൈസാദിനെ സാസൂന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റാപ്പിഡ്​ ആന്‍റിജന്‍ ടെസ്റ്റിലാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. കബഡി താരവും ഫിറ്റ്​നസ്​ കോച്ചുമായ കല്യാണിയാണ്​ ഭാര്യ.

ഇന്ത്യയിലെ ഫിറ്റ്നസ്​ മേഖലയിലിലെ ഇതിഹാസങ്ങളില്‍ ഒരാളാണ്​ മരിച്ച കൈസാദ്​. ഫിറ്റ്​നസ്​ മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവരെ വളര്‍ത്തിക്കൊണ്ടു വരാനായി 2003ലായിരുന്നു കൈസാദ്​ കെ 11 സ്​കൂള്‍ ഓഫ്​ ഫിറ്റ്​നസ്​ സയന്‍സ്​ സ്​ഥാപിച്ചത്​. നിരവധിയാളുകളുടെ ജീവിതത്തെ മാറ്റി മറിച്ച കൈസാദിന്‍റെ മരണം തീരാ നഷ്ടമായിരിക്കുകയാണ്​ ആയിരക്കണക്കിന്​ ശിഷ്യന്‍മാർക്കും സുഹൃത്തുക്കൾക്കും.

ഇന്‍സ്റ്റഗ്രാമില്‍ കൈസാദിന്‍റെ ചിത്രം പങ്കുവെച്ച ടൈഗര്‍ ഷ്​റോഫ്​ വികാരാധീനനായി. ടൈഗര്‍ ഷ്​റോഫിനെ കൂടാതെ മാതാവ്​ ആയേഷ ഷ്റോഫ്​, സിദ്ധാന്ത്​ കപൂര്‍, നീല്‍ നിഥിന്‍ മുകേഷ്​, ഡിയന്ന പണ്ഡേ, റുസ്​ലാന്‍ മുംതാസ്​ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തെ അനുസ്​മരിച്ചു.

Share
Leave a Comment