തിരുവനന്തപുരം : മദ്യപാനം മൂലം സ്വന്തം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയ മുരളി പരിതാപകരമായ അവസ്ഥയിൽ നിന്നും ജീവിതം തിരിച്ചു പിടിച്ച കഥ പറയുന്ന ‘വെള്ളം’ എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ മികച്ച നടനുള്ള പുരസ്കാരത്തിലെത്തിച്ചത്. കോവിഡ് ഭീതിക്ക് ശേഷം തിയേറ്ററുകൾ തുറന്ന ശേഷം കേരളത്തിൽ ആദ്യമായി റിലീസ് ചെയ്ത ചിത്രമാണ് ‘വെള്ളം’ .
ഫോണിലേക്കു വരുന്ന അജ്ഞാതന്റെ സന്ദേശങ്ങളിലും ഫോൺ കോളിലും ആകൃഷ്‌ടയായി അയാളെ നേരിൽ കാണാൻ പോയി കെണിയിൽ പെടുന്ന തനി നാട്ടിൻപുറത്തുകാരിയായ ജെസിയുടെ കഥ പറഞ്ഞ ചിത്രമാണ് കപ്പേള. ഈ ചിത്രത്തിലെ സ്വാഭാവികമായ അഭിനയത്തിനാണ് അന്ന ബെന്നിന് പുരസ്‌കാരം ലഭിച്ചത്.
മദ്യപാനാസക്തിയിൽ നിന്ന് വിമുക്തനാവാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനെ മുൻനിർത്തിയാണ് ജയസൂര്യയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് ജൂറി പരാമർശിച്ചു.
ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌ക്കരിച്ച പ്രകടന മികവാണ് ജൂറി അന്ന ബെന്നിൽ കണ്ടെത്തിയത്. പോയവർഷം ‘ഹെലൻ’ സിനിമയിലെ പ്രകടനത്തിന് അന്ന പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു.
Post Your Comments