മോഹൻലാൽ-വിഎം വിനു കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രമാണ് ബാലേട്ടൻ. നെടുമുടി വേണു, സുധീഷ്, ദേവയാനി, റിയാസ്ഖാൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച ചിത്രം മികച്ച വിജയമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തന്റെ അച്ഛന്റെ മരണമെന്നും അതോടെ ഏറെ നന്നായി മുന്നോട്ടു പോയിരുന്ന ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നുവെന്നും സംവിധായകൻ വി എം വിനു പറയുന്നു. മാത്രമല്ല ഈ സമയത്ത് തന്നെ ആശ്വസിപ്പിച്ചത് മോഹൻലാൽ ആയിരുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ.
‘ക്ലൈമാക്സ് സീൻ എടുക്കാൻ മുഴുവൻ യൂണിറ്റും തയ്യാറായി നിന്ന സമയത്താണ് അച്ഛന്റെ മരണവാർത്ത അറിയുന്നത്. എന്തു ചെയ്യണമെന്ന് അറിയാതെ നിന്ന തനിക്ക് ധൈര്യം തന്നത് മോഹൻലാലാണ്. ഷൂട്ടിംഗ് നിർത്തിവെച്ച് ഉടൻ വീട്ടിലേക്ക് തിരിക്കണമെന്ന് ലാൽജി പറഞ്ഞു. എന്നാൽ പ്രൊഡ്യൂസർക്ക് ഒരു സീൻ എടുത്തിട്ട് നിർത്തിയാൽ മതിയെന്നായിരുന്നു. ലാൽജി സമ്മതിച്ചില്ല, നടക്കില്ലെന്നും ഡയറക്ടറുടെ അച്ഛനാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു’.
‘ഒടുവിൽ വീട്ടിലെത്തി സംസ്കാര ചടങ്ങുകൾ നടത്തി. സ്ഥലത്തെത്തി ആശ്വസിപ്പിക്കുന്നതിനിടെ പ്രൊഡ്യൂസർ ചോദിച്ചത് ക്ലൈമാക്സ് സീൻ എപ്പോൾ എടുക്കാമെന്നായിരുന്നു. അച്ഛൻ മരിച്ച വേദനയെക്കാൾ എന്നെ നടുക്കിയത് ആ ചോദ്യമായിരുന്നു. എങ്ങനെയാണ് അതിന് ഉത്തരം നൽകേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ അച്ഛനാണ് അവിടെ കത്തിയെരിയുന്നത്. ക്ലൈമാക്സ് നമുക്ക് ആലോചിക്കാമെന്ന് മാത്രം പറഞ്ഞു. ഇടയ്ക്ക് ലാൽജി വിളിച്ച് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു’. വി എം വിനു പറഞ്ഞു.
Post Your Comments