തന്റെ ആദ്യ സിനിമ ജയന്‍ നായകനായ ‘ശരപഞ്ചരം’ ആണെന്നും ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ തന്റെ രണ്ടാമത്തെ ചിത്രമാണെന്നും തന്റെ സിനിമ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് നടന്‍ ശങ്കര്‍ പറയുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ജയന്‍ നായകനായ ശരപഞ്ചരം എന്ന സിനിമയില്‍ വില്ലനൊപ്പം വരുന്ന ഒരു ചെറിയ വേഷം താന്‍ ചെയ്തിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ശങ്കര്‍ പറയുന്നു.
‘ജയന്‍ നായകനായ ശരപഞ്ചരം എന്ന സിനിമയിലൂടെയാണ് ഞാന്‍ വരുന്നത്. ആളുകള്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട് എന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണെന്ന്. ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്ത ശരപഞ്ചരം ആണ് എന്റെ ആദ്യ സിനിമ. അതില്‍ ചെറിയ ഒരു റോളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സീനില്‍ മാത്രമേയുള്ളായിരുന്നു. പിന്നീട് ഞാന്‍ ഉള്‍പ്പെടുന്ന ഒന്ന് രണ്ടു സീന്‍ കൂടി എഴുതി ചേര്‍ത്തു. വില്ലനൊപ്പം വരുന്ന ചെറിയ ഒരു വേഷമാണ് ഞാന്‍ ചെയ്തത്. ഞാനും ജയനും തമ്മില്‍ കോമ്പിനേഷന്‍ സീന്‍ ഒന്നും ഉണ്ടായിരുന്നില്ല’.
‘പക്ഷേ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് ആ സിനിമയുടെ തന്നെ മറ്റൊരു ലൊക്കേഷനില്‍ പോയി ഞാന്‍ അദ്ദേഹത്തെ കണ്ടു. കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാനും ഇതില്‍ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ടെന്ന്, അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘ചെറിയ വേഷം എന്നൊന്നും പറയരുത്, ഞാനും അങ്ങനെ ചെറിയ വേഷമൊക്കെ ചെയ്തു വന്നയാളാണ്. സിനിമയില്‍ കഥാപാത്രം മാത്രമേയുള്ളൂ, ചെറുതും വലുതുമില്ല’. ശങ്കര്‍ പറയുന്നു.
Post Your Comments