ഒരാള്‍ ഒരു സങ്കടമായി വന്നാല്‍, എന്നെ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞാൽ പിന്നെ ഞാന്‍ ഒന്നും ചിന്തിക്കില്ല: ബിജു മേനോന്‍

ടെലിവിഷന്‍ സീരിയലിലൂടെ സിനിമാ രംഗത്ത് വന്ന നടനാണ്‌ ബിജു മേനോന്‍. തുടക്കം പാവത്താന്‍ റോളുകളില്‍ ആയിരുന്നെങ്കിലും ബിജു മേനോനിലെ വില്ലനെ കണ്ടെടുത്തത് ഷാജി കൈലാസ് എന്ന സംവിധായകനാണ്. ‘ശിവം’ എന്ന സിനിമയിലൂടെ ബിജു മേനോനെ ആദ്യമായി നായകനാക്കിയതും ഷാജി കൈലാസ് തന്നെയായിരുന്നു പക്ഷേ സിനിമ ബോക്സ് ഓഫീസില്‍ പരാജയമായതോടെ ബിജു മേനോന്റെ നായകനായുള്ള കരിയറിന് കര്‍ട്ടന്‍ വീഴുകയായിരുന്നു.

പിന്നീട് ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ വീണ്ടും നായകനായെത്തി ബിജു മേനോന്റെ തനിക്ക് നഷ്ടപ്പെട്ട ആ പഴയ നായക പദവി തിരിച്ചു പിടിക്കുകയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ സിനിമാ ജീവിതത്തില്‍ തനിക്ക് വിട്ടുവീഴ്ചയിലൂടെ സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒരാളുടെ കുടുംബത്തെ രക്ഷിക്കാന്‍ ചില പ്രോജക്റ്റിനു വേണ്ടി നിന്ന് കൊടുത്തിട്ടുണ്ടെന്നും ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ബിജു മേനോന്‍ പറയുന്നു.

Read Also:- ‘ലാലു എന്നെ ആ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് മറ്റുചില പ്രശ്നങ്ങള്‍ കാരണം അഭിനയിക്കാന്‍ സാധിച്ചില്ല’

‘ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കള്‍ ഉള്ള വ്യക്തിയാണ് ഞാന്‍. നടനെന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്തു സിനിമ ചെയ്തിട്ടുണ്ട്. ഒരാള്‍ ഒരു സങ്കടമായി വന്നാല്‍, അതായത് ഞാന്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചു വര്‍ഷമായി എന്നെ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞു വന്നാല്‍, ആ സിനിമ ഞാന്‍ ഏറ്റെടുക്കും. അതിന്റെ കഥയെക്കുറിച്ച് ഒന്നും ഞാന്‍ ചിന്തിക്കില്ല. അയാള്‍ക്കും, അയാളുടെ കുടുംബത്തിനും അതൊരു സഹായകമായല്ലോ എന്ന സംതൃപ്തി ആ സിനിമ ചെയ്തു കഴിയുമ്പോള്‍ എനിക്ക് ലഭിക്കും’ ബിജു മേനോന്‍ പറയുന്നു.

Share
Leave a Comment