തിരുവനന്തപുരം : സിനിമാമേഖലയിൽ പ്രഗത്ഭയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. മലയാളത്തിലെയും അന്യഭാഷാചിത്രത്തിലേയുമൊക്കെ ഒട്ടേറെ നടികളുടെ ശബ്ദമായത് ഭാഗ്യലക്ഷ്മിയാണ്. ഉർവശിക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോഴുള്ള അനുഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഉർവശിയുടെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. വളരെ ചെറിയ എക്സ്പ്രഷനിൽ പോലും സംഭാഷണങ്ങളും ഉണ്ടാകുമെന്നതിനാൽ ഉർവശിക്കൊപ്പം എത്തിച്ചേരാൻ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. കൈമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി ഇത് വ്യക്തമാക്കിയത്.
ലാൽ സലാം സിനിമയിൽ ഡബ്ബ് ചെയ്യാൻ പോയപ്പോഴുള്ള അനുഭവവും ഭാഗ്യലക്ഷ്മി പങ്കുവെച്ചു. ഉർവശിക്ക് ഡബ്ബ് ചെയ്യാൻ പോയപ്പോൾ സിനിമയുടെ സംവിധായകൻ വേണു നാഗവള്ളി പറഞ്ഞ ഡയലോഗുകളും ഭാഗ്യലക്ഷ്മി പറഞ്ഞു. ‘മോളൂ എന്ന് വിളിച്ച് മാത്രമാണ് വേണു സർ സംസാരിക്കാറുള്ളത്. ലാൽ സലാം ഡബ്ബിങിനെത്തിയപ്പോൾ ചിത്രത്തിൽ ഉർവശി ആദ്യഭാഗത്തിൽ കുസൃതി നിറഞ്ഞ പെൺക്കുട്ടിയായും രണ്ടാംഭാഗത്തിൽ വളരെ ഒതുക്കമുള്ള പക്വതയാർന്ന പെൺകുട്ടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. ഉർവശിയുടെ ചിരി ചെറിയ കുപ്പിയിൽ കുഞ്ഞ് കല്ലുകൾ ഇട്ട് കുലുക്കും പോലെയാണെന്നും അതേ മനോഹാരിത ഡബ്ബ് ചെയ്യുമ്പോൾ വരണമെന്നുമായിരുന്നു വേണു സർ പറഞ്ഞത് . ചില ഡയലോഗുകൾ വലുതായി വാ തുറന്നല്ല ഉർവശി അവതരിപ്പിക്കാറ്. അതുകൊണ്ട് തന്നെ പൈലറ്റ് സീൻ കാണുമ്പോൾ മനസിലാകാറുണ്ടായിരുന്നില്ല’- ഭാഗ്യലക്ഷ്മി പറഞ്ഞു.
‘അന്യഭാഷ നടിമാർക്ക് ഡബ്ബ് ചെയ്യുമ്പോൾ പല ഡയലോഗുകളും അവരുടെ ഉച്ചാരണം ശരിയല്ലാത്തതിനാൽ ബുദ്ധിമുട്ടിയാണ് പറഞ്ഞിരുന്നത്. അത് ഏറെ ദേഷ്യം തോന്നിപ്പിച്ചിരുന്നു. സിനിമയിൽ നിന്ന് ഒരിക്കലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എല്ലാക്കാലത്തും തന്നെ ഏറ്റവും കൂടുതൽ കെയർ ചെയ്തിട്ടുള്ളത് സിനിമാക്കാരാണ്’- ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Post Your Comments