തിരുവനന്തപുരം : ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖരനും. രണ്ട് ദിവസങ്ങൾക്കു മുൻപാണ് സൗഭാഗ്യ വെങ്കിടേഷിന്റെ വളകാപ്പ് ചടങ്ങുകൾ നടന്നത്. പിറക്കാനിരിക്കുന്ന കുഞ്ഞിനും മംഗളം നേരാനുള്ള ചടങ്ങാണ് വളകാപ്പ്. ഈ വേളയിൽ സൗഭാഗ്യ തന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യത്തെക്കുറിച്ച് ചടങ്ങുകളുടെ ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ പങ്കിടുന്നു.
‘ഒട്ടേറെ അലങ്കാര പണികൾക്കൊപ്പം ബ്ലൗസിൽ ഞാൻ അറിയാതെ തന്നെ മറ്റൊരു സർപ്രൈസ് കൂടി ഒളിഞ്ഞിരുന്നു. അമ്മയാവാൻ പോകുന്ന ആൾക്ക് എന്തുകൊണ്ടും മനം നിറയുന്നതായിരുന്നു അത്. ഓടക്കുഴലും വെണ്ണക്കുടവുമായി ഇരിക്കുന്ന ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് ബ്ലൗസിൽ തെളിഞ്ഞത്. ഇത് തീർത്തും തന്റെ ഡിസൈനറുടെ ഐഡിയ ആണ്’ – സൗഭാഗ്യ പറയുന്നു. തൻസീല മുഹമ്മദ് എന്ന ഡിസൈനറുടെ പക്കലാണ് സൗഭാഗ്യ വളകാപ്പ് ചടങ്ങുകളുടെ ബ്ലൗസ് തുന്നാൻ ഏൽപ്പിച്ചത്.
മൈലാഞ്ചി ചോപ്പണിഞ്ഞ കൈകൾ നിറയെ വളയണിഞ്ഞ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം സന്തോഷവതിയായി സൗഭാഗ്യ ചടങ്ങുകളിൽ പങ്കെടുത്തു. നടി താരാ കല്യാണിന്റെ ഏക മകളും നടൻ അർജുൻ സോമശേഖരന്റെ ഭാര്യയുമാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ. ആചാരപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സൗഭാഗ്യയും അർജുനും താരാ കല്യാണും അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments