മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പരിശോധന.
കഴിഞ്ഞ ദിവസം മയക്കു മരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ സബര്‍ബന്‍ പോവായില്‍ നിന്നും അറസ്റ്റിലായ അചിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇംതിയാസ് ഖത്രിയുടെ പേര് ഉയര്‍ന്നുവന്നത്. പതിനെട്ടോളം പേരാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ആഢംബര കപ്പലിലെ റൈയ്ഡില്‍ 13 ഗ്രാം കൊക്കൈന്‍, 21 ഗ്രാം ചരസ്, എം ഡി എം എയുടെ 22 ഗുളികകള്‍, 5 ഗ്രാം എം ഡി, 1.33 ലക്ഷം രൂപ എന്നിവയാണ് എന്‍ സി ബി പിടിചെടുത്തത്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും വാർത്തകളിൽ നിറഞ്ഞ ആളാണ് ഖത്രി. സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദിയുടെ അഭിഭാഷകൻ, മരണത്തിൽ ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.
ഈ മാസം രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ ലഹരി മരുന്ന് കേസില്‍ എന്‍ സി ബി അറസ്റ്റ് ചെയ്തത്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യന്‍ സമര്‍പ്പിച്ചിരുന്ന ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
Post Your Comments