InterviewsLatest NewsNEWS

‘ആ ദീപാവലി ആശംസയായിരുന്നു നാല്പത് പേരിൽ നിന്ന് എന്നെ തെരഞ്ഞെടുക്കാൻ കാരണം’: ആസിഫ് അലി

കൊച്ചി : വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനായ ആളാണ് ആസിഫ് അലി. സിനിമാ ലോകത്ത് വളരെ കരുത്തുള്ള പേരായി ആസിഫ് അലി മാറിക്കഴിഞ്ഞു. മലയാള സിനിമയിലെ നിറ സാന്നിധ്യമായ ആസിഫ് അലി ഓരോ സിനിമ കഴിയും തോറും തന്നിലെ നടനിൽ ഒരുപാട് പുരോഗതികൾ വരുത്തി. ഓരോ സിനിമ കഴിയുമ്പോഴും ഈ നടനെ കുറിച്ചുള്ള കാണികളുടെ പ്രതീക്ഷകളും വളർന്ന് കൊണ്ടിരിക്കുകയാണ്. സപ്തമശ്രീയിലെ ശബാബും, അപ്പോത്തിക്കിരിയിലെ പ്രതാപനും, സ്ലീവാച്ചനും എല്ലാം സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. 12 വർഷമായി ആസിഫ് അലി മലയാള സിനിമയിലെ നിറസാന്നിധ്യമാണ്.

നിഷാനും റീമ കല്ലിങ്കലിനുമൊപ്പം ശ്യാമ പ്രസാദ് ഒരുക്കിയ ഋതുവിലൂടെയായിരുന്നു ആസിഫിന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇപ്പോൾ കാൻ ചാനൽ മീഡിയയ്ക്ക് ആസിഫ് അലി നൽകിയ അഭിമുഖം വൈറലാവുകയാണ്. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും സിനിമാ അനുഭവങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ആസിഫ് അലി. നാൽപത് പേർ ഓഡീഷന് എത്തിയതിൽ നിന്നും ഋതുവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയാണെന്നും ആസിഫ് അലി വിവരിക്കുന്നുണ്ട്.

ഋതുവിന്റെ പാക്കപ്പ് പാർട്ടിയിൽ പങ്കെടുത്തപ്പോഴാണ് താൻ സിനിമയിലേക്ക് എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് സംവിധായകൻ ശ്യാമപ്രസാദിനോട് ചോദിച്ചതെന്നും അദ്ദേഹത്തിന്റെ മറുപടി അത്ഭുതപ്പെടുത്തിയെന്നും ആസിഫ് അലി പറയുന്നു. ‘ഋതുവിന്റെ പാക്കപ്പ് പാർട്ടി ശ്യാം സാറിന്റെ വീട്ടിലായിരുന്നു. പാർട്ടിക്കിടെയാണ് എന്നെ എന്ത് മാനദണ്ഡത്തിലാണ് എടുത്തത് എന്ന് ശ്യാം സാറിനോട് ചോദിച്ചത്. അന്ന് ഒരു ദീപാവലി ദിവസമായിരുന്നു. ഓഡീഷനിൽ പങ്കെടുക്കാൻ ഞാൻ അടക്കം നാൽപത് പേർ വന്നിരുന്നു. എന്നാൽ അതിൽ ഞാൻ മാത്രമാണ് അവരെ ദീപാവലി വിഷ് ചെയ്തത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനാലാണ് അവർ എന്നെ സെലക്ട് ചെയ്തത്’- ആസിഫ് അലി പറഞ്ഞു.

‘ സിനിമയിലെത്തിയ സമയത്ത് എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ എന്നിവർ വേണ്ടെന്ന് വെക്കുന്ന സിനിമകളെല്ലാം ഞാൻ ചെയ്തിരുന്നു. തുടക്കത്തിൽ ഭയങ്കര ആകാംഷയായിരുന്നു. അതിനാൽ തിരക്കഥകൾ വായിക്കുക പോലും ചെയ്യാതെ അണിയറക്കാർ പറയുന്ന വൺലൈൻ മാത്രം വെച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. എനിക്ക് ശേഷം പിന്നീട് നിവിൻ പോളി, ദുൽഖർ തുടങ്ങിയവർ സിനിമയിലേക്ക് എത്തിയപ്പോളാണ് ഞാൻ തിരക്കഥകൾ സെലക്ട് ചെയ്ത് അഭിനയിക്കാൻ തുടങ്ങിയത്. ഞങ്ങൾക്കിടയിൽ അന്ന് ഒരു ഹെൽത്തി കോമ്പറ്റീഷൻ ഉണ്ടായിരുന്നു. സിനിമാ മോഹവുമായി എറണാകുളത്ത് കഴിഞ്ഞിരുന്ന നാളുകളിൽ ​ഗേൾഫ്രണ്ട്സ് ഒരുപാട് സഹായിച്ചിട്ടുണ്ട് . പലരുടെയും പിന്തുണ തന്നെയാണ് എന്നും ബലം. തിയേറ്റർ എക്സ്പീരിയൻസ് എന്നും ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. സിനിമകൾ ഒടിടിയിലേക്ക് പോകുമ്പോൾ വിഷമം തോന്നാറുണ്ട് ‘- ആസിഫ് അലി പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button