
കൊച്ചി : മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ മീര ജാസ്മിന് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. രണ്ടാം വരവില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീര എത്തുന്നത് എന്നാണ് റിപ്പോർട്ട്. ഇനി സിനിമയില്‍ സജീവമായി തുടരുമെന്ന് യുഎഇയുടെ ഗോള്‍ഡന്‍ വീസ സ്വീകരിച്ചതിനു ശേഷം മീര പറഞ്ഞു.
‘അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യന് അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് തനിക്ക് കിട്ടിയിരിക്കുന്നത്. സത്യന് അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നു. രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകും എന്ന് പ്രതീക്ഷിക്കുന്നു’- മീര പറഞ്ഞു.
തന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നത് തനിക്ക് വലിയ സന്തോഷം നല്‍കുന്നതാണെന്നും ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമെന്നും മീര വ്യക്തമാക്കി. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുകയാണ്.
Post Your Comments