GeneralLatest NewsNEWS

‘ഒരാളും വിശന്ന വയറുമായിരിക്കരുത് ‘: ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മഞ്ജു വാര്യർ

കൊച്ചി: പത്ത് രൂപയ്ക്ക് സാമ്പാറും ഒഴിച്ചുകറിയും തോരനും അച്ചാറും ഒക്കെയായി വയറും മനസ്സും നിറയ്ക്കാൻ കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടൽ . ‘ഒരാളും വിശന്ന വയറുമായിരിക്കരുത്’ എന്ന വലിയ ആശയത്തോടെ ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഹൃദയം കീഴടക്കി മഞ്ജു വാര്യരും .

കൊച്ചി കോര്‍പ്പറേഷന്റെ ഏറെ കയ്യടി നേടുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മഞ്ജു വാര്യരാണ്. വിശപ്പടക്കുക എന്നതാണ് ഏറ്റവും മഹത്തരമായ കാര്യമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ജനകീയ ഹോട്ടലിലെ ജീവനക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞുമെല്ലാമാണ് മഞ്ജു മടങ്ങിയത്.

‘ചോറ്, സാമ്പാർ , മറ്റു രണ്ട് കറികള്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണില്‍ ഉണ്ടാവുക. പാര്‍സലിന് 15 രൂപ. മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും. അടുത്ത മാസം മുതല്‍ 20 രൂപ നിരക്കില്‍ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കും’- കൊച്ചി മേയര്‍ വ്യക്തമാക്കി.

1500 പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കുക. ഇത് പിന്നീട് 3000 പേര്‍ക്ക് നല്‍കാനാവുന്ന വിധത്തില്‍ വര്‍ദ്ധിപ്പിക്കും. നഗരത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജനകീയ ഹോട്ടലുകളില്‍ നിലവിലുള്ള 20 രൂപ തന്നെ തുടരും. ഘട്ടം ഘട്ടമായി കേന്ദ്രീകൃത അടുക്കളയില്‍ നിന്ന് ഈ ജനകീയ ഹോട്ടലുകളിലേക്ക് കൂടി ഭക്ഷണം എത്തിക്കാനാണ് ശ്രമിക്കുന്നത്.

നോര്‍ത്ത് പരമാര റോഡില്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. ആധുനിക രീതിയില്‍ തയ്യാറാക്കിയതാണ് ഇവിടത്തെ കേന്ദ്രീകൃത അടുക്കള . ഇതിനാവശ്യമായ 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സി എസ് ആര്‍ ഫണ്ട് വഴിയാണ് ലഭ്യമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button