കൊച്ചി: കേരളത്തിലെ ട്രാൻസ് വിഭാഗത്തിന് വേണ്ടി എന്നും മുൻകൈയ്യെടുത്ത് സംസാരിക്കുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ രഞ്ജു രഞ്ജിമാർ എല്ലാവർക്കും സുപരിചിതയാണ്. നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട ഒരുപാട് പേർക്ക് താങ്ങും തണലുമാണവർ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിക്കാനായി കൊച്ചിയില്‍ എത്തിയപ്പോള്‍ മുതൽ ഇന്നുവരെയുള്ള മാറ്റങ്ങളെ കുറിച്ചും ഇപ്പോഴും ട്രാൻസ് സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് രഞ്ജു രഞ്ജിമാർ. ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കപ്പെട്ട സാഹചര്യത്തില്‍ തന്റെയുള്ളിലെ കലാകാരിയെ തിരിച്ചറിഞ്ഞത് മുതലാണ് താന്‍ തലയുയര്‍ത്തി നിന്ന് പോരാടാന്‍ ഉറപ്പിച്ചതെന്ന് രഞ്ജു പലതവണ പറഞ്ഞിട്ടുണ്ട്.
20 വര്‍ഷത്തോളമായി രഞ്ജു മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്നു. തന്‍റെ സ്വന്തം ജീവിതാനുഭവം ചേർത്ത് വെച്ച് സിനിമയെടുക്കാനുമുള്ള തയ്യാറെടുപ്പിലാണ് അവരിപ്പോൾ. രഞ്ജു തന്നെ കഥയൊരുക്കുന്ന സിനിമയ്ക്ക് ‘കുട്ടിക്കൂറ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തനിക്ക് 18 വയസിൽ ഉണ്ടായ ഒരു അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് രഞ്ജു ഒരുക്കുന്നത്. രഞ്ജുവും സുഹൃത്ത് ഹരിണി ചന്ദനയും മറ്റ് പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകും. നടി മുക്തയേയും സിനിമയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് രഞ്ജു പറയുന്നു.
സോഷ്യൽ മീഡിയയിലുൾപ്പെടെ ആനുകാലിക സംഭവങ്ങളിൽ തന്‍റെ നിലപാടുകള്‍ മറ കൂടാതെ പറയുന്നയാള്‍ കൂടിയാണ് രഞ്ജു.
വിവാഹസ്വപ്നങ്ങളെ കുറിച്ചും രഞ്ജു മനസ് തുറന്നു. ‘പ്രണയിക്കാനും വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും കുഞ്ഞുങ്ങളെ വളർത്താനുമൊക്കെ ഞങ്ങള്‍ക്കെല്ലാം ആഗ്രഹമുണ്ട്. കതിർമണ്ഡപത്തിലിരുന്നുള്ള വിവാഹം ഒരു സ്വപ്നമാണ്. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പരസ്പരം പ്രണയമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ പ്രണയത്തിലാണെന്ന് ഇരുവർക്കും അറിയാവുന്ന ഒരു ബന്ധം. ഈ അടുപ്പം അവന്റെ ഭാവിയെ ബാധിക്കും എന്ന ബോധ്യം ഉള്ളത് കൊണ്ട് ഞാൻ പിന്മാറുകയായിരുന്നു. കൂടിക്കാഴ്ച ഇല്ലെങ്കിലും ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്. ഇന്നും അവൻ എന്റെ മനസിൽ മായാതെയുണ്ട്. അതിനാൽ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല’ – രഞ്ജു വെളിപ്പെടുത്തി. ‘
ട്രാൻസ്ജെൻഡേഴ്സിന്റെ പ്രധാന തൊഴിൽ സെക്സ് വർക്ക് ആണെന്ന് ധരിക്കുന്നവരെ തിരുത്തുന്നതിന് വേണ്ടി രഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ദ്വയ എന്ന സംഘടന. ഇന്ന് ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് എല്ലാ സമയവും അഭയം തേടാവുന്ന തരത്തിലേക്ക് ദ്വയയുടെ പ്രവർത്തനങ്ങൾ വളർന്ന് കഴിഞ്ഞു.
Post Your Comments