കൊച്ചി: ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ മലയാളികൾക്ക് സംവിധായകൻ അൽത്താഫ് പരിചയപ്പെടുത്തിയ നായികയായ ഐശ്വര്യ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി മാറി. റേച്ചൽ എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പിന്നീട് അതേ വർഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രം മായാനദിയിലും ഐശ്വര്യ നായികയായി എത്തി.
കൊവിഡ് കാലം തന്റെ കരിയറിലും സിനിമാമേഖലയിലും സൃഷ്ടിച്ച മാറ്റത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം .’ഞങ്ങള്‍ സിനിമക്കാര്‍ ഒട്ടും സുരക്ഷതരല്ലാത്ത ആള്‍ക്കാരാണ്. ഇനി എന്ത് ചെയ്യണം എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. ജനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍, ഇനിയും അവരിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യേണ്ടതുണ്ട്. എന്നെ സംബന്ധിച്ച് കൊവിഡ് കാലം സ്വയം ചിന്തിക്കാന്‍ ലഭിച്ച സമയമായിരുന്നു. കരിയറിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു. കൂടുതല്‍ ക്ഷമ എനിക്ക് വന്നതായി തോന്നി. കൂടുതല്‍ എന്റര്‍ടൈനിങ് ആയിട്ടുള്ള സിനിമകള്‍ ചെയ്യണം എന്ന തിരിച്ചറിവ് വന്ന് തുടങ്ങിയതും കൊവിഡ് കാലത്താണ്.
എന്നാല്‍ ഇപ്പോള്‍ മാറി ചിന്തിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. കൂടുതല്‍ സന്തോഷം പകരുന്ന സിനിമകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അത്തരം സിനിമകളിലൂടെ എനിക്കും ഒരുപാട് ചിരിക്കാനും കോമഡി പറയാനും ഡാന്‍സ് കളിക്കാനും ഒക്കെ സാധിയ്ക്കും എന്ന് തിരിച്ചറിവ് ഉണ്ടായി. ഐശ്വര്യ ലക്ഷ്മി എന്നാല്‍ സീരിയസ് റോള്‍ മാത്രമേ ചെയ്യൂ എന്ന ധാരണ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍.
ജഗമേ താണ്ഡവം എന്ന ചിത്രം റിലീസ് ചെയ്യുന്നത് വരെ ഭയങ്കര അരക്ഷിതാവസ്ഥയിലായിരുന്നു ഞാന്‍. റിലീസിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് ആയിരുന്നു അത്. ഇപ്പോള്‍ വീണ്ടും സിനിമകള്‍ വരാന്‍ തുടങ്ങി. ഇതുവരെ ചെയ്യാത്ത വിധമുള്ള മികച്ച വേഷങ്ങള്‍ കിട്ടുന്നുണ്ട്. ജെനീലിയ ചെയ്തത് പോലെ നിഷ്‌കളങ്കമായ, ഹാസ്യ നായിക വേഷങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്’- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Post Your Comments