ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്ന ‘എലോൺ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. യഥാർഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്നു പറഞ്ഞു കൊണ്ടാണ് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകൻ ഷാജി കൈലാസിന്റെയും സാന്നിധ്യത്തിൽ മോഹൻലാൽ ആശിർവ്വാദ് സിനിമാസിൻ്റെ 30-മത്തെ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
ഷാജി കൈലാസ് ചിത്രങ്ങളിലെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. എന്നാൽ യഥാർത്ഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്. അതാണ് ഈ ചിത്രം വ്യക്തമാക്കുന്നതെന്ന് ടൈറ്റിൽ ലോഞ്ചിനിടയിൽ മോഹൻലാൽ വ്യക്തമാക്കി. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസിന് ശേഷം പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ആശിർവ്വാദ് സിനിമാസിൻ്റെ ആദ്യ ചിത്രമായ നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസാണ്.
അതേസമയം, എലോണിൻ്റെ സെറ്റിൽ ഷാജി കൈലാസിൻ്റെ മകൻ ജഗനുമുണ്ട്. അച്ഛൻ്റെ കാൽപ്പാടുകൾ പിന്തുടരാൻ ആഗ്രഹിക്കുന്ന മകൻ സഹ സംവിധായകനായി പ്രവർത്തിക്കുകയാണ് ഈ ചിത്രത്തിൽ. ആറാം തമ്പുരാനിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേരായ ജഗന്നാഥനെ ഓർമ്മപ്പെടുത്തും വിധത്തിലാണ് ജഗൻ എന്ന പേര് മകനിട്ടതെന്ന് ടൈറ്റിൽ ലോഞ്ചിനിടെ ഷാജി കൈലാസ് പറഞ്ഞു.
രാജേഷ് ജയറാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. എഡിറ്റിങ് ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്. സന്തോഷ് രാമൻ കലാസംവിധാനവും സിദ്ദു പനയ്ക്കൽ-സജി ജോസഫ് എന്നിവർ നിർമ്മാണ നിർവ്വഹണവും. നിശ്ചല ഛായാഗ്രഹണം- അനീഷ് ഉപാസന
വാഴൂർ ജോസ്.
Post Your Comments