കൊച്ചി : മലയാള സിനിമയിലെ ഒട്ടനവധി ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ശരീര സംരക്ഷണത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കുന്ന ഉണ്ണി ചിട്ടയായ വ്യായാമം തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഭക്ഷണം പോലും അതിനനുസരിച്ച് ക്രമീകരിച്ചാണ് ഉണ്ണി ശരീര സംരക്ഷണം നടത്തുന്നത്. മുപ്പത്തിമൂന്ന് വയസ് പിന്നിട്ട താരത്തിന്റെ ശരീര സംരക്ഷണ രീതികളാണ് പലരെയും ആരാധകരാക്കി മാറ്റിയത്. സിനിമാ ജീവിതം പത്ത് വർഷം പിന്നിടുമ്പോൾ ഗായകനായും നിർമാതാവായും നടനായും ഉണ്ണി പ്രശസ്തനാണ്. ഇതിനോടകം നിരവധി സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഉണ്ണി മുകുന്ദൻ.
ഒക്ടോബർ ഏഴിന് ഉണ്ണി മുകുന്ദൻ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് സിനിമ ‘ഭ്രമം’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പൊലീസുകാരന്റെ വേഷമാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്. ബോളിവുഡ് സിനിമ അന്ധാധുന്നിന്റെ മലയാളം റീമേക്കാണ് ഭ്രമം. ഇപ്പോൾ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ .
‘ഭ്രമം എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും. അതിലെ പൊലീസ് കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതുവരെ കരിയറിൽ ചെയ്യാത്ത പൊലീസ് വേഷമാണ് ഭ്രമത്തിലേത്’എന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. കല്യാണം കഴിക്കുന്നില്ലേയെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തന്നോട് ഇന്നേവരെ നേരിട്ട് കാണുമ്പോൾ ആരും ചോദിച്ചിട്ടില്ല. അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് ഇത്തരം ചോദ്യങ്ങൾ കേൾക്കാറുള്ളത്’എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. പൃഥ്വിരാജ് എന്ന മനുഷ്യനോട് എന്നും ആരോഗ്യപരമായ അസൂയയുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികൾ പ്രചോദനമാകാറുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
മാമാങ്കമാണ് ഏറ്റവും അവസാനമായി റിലീസിനെത്തിയ ഉണ്ണി മുകുന്ദൻ സിനിമ. 12ത് മാൻ, മേപ്പടിയാൻ എന്നിവയാണ് ഭ്രമത്തിന് പുറമെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് സിനിമകൾ. 12ത് മാനിൽ മോഹൻലാലിനൊപ്പമാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേപ്പടിയാനിലൂടെ ഉണ്ണി മുകുന്ദൻ ഇപ്പോൾ നിർമാതാവിന്റെ കുപ്പായവും അണിഞ്ഞിരിക്കുകയാണ്. സിനിമയിലെ നായകനും ഉണ്ണി തന്നെയാണ്. ചിത്രത്തിന് വേണ്ടി ഉണ്ണി ശരീരഭാരം ഉയര്‍ത്തിയത് 93 കിലോയായിരുന്നു. ശേഷം പഴയ സ്ഥിതിയിലേക്ക് ശരീരം എത്തിച്ചതിന്റെ വർക്കൗട്ട് വീഡിയോയും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു.
Post Your Comments