മുംബൈ : നടനും മുൻ എംപിയുമായ അർവിന്ദ് ത്രിവേദി(82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയിൽ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കുറച്ച് കാലങ്ങളായി അസുഖ ബാധിതനായിരുന്നു. മുന്നൂറോളം ഹിന്ദി, ഗുജറാത്തി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ദൂരദർശൻ സംപ്രക്ഷേപണം ചെയ്ത രാമനന്ദ് സാഗറിന്റെ ഐതിഹാസിക പുരാണ പരമ്പരയായ രാമായണത്തിലെ ‘രാവണൻ’ എന്ന കഥാപാത്രത്തിലൂടെയാണ് അർവിന്ദ് ത്രിവേദി ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1938ല്‍ ഇന്‍ഡോറില്‍ ജനിച്ച അര്‍വിന്ദ് ഗുജറാത്തി സിനിമകളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഗുജറാത്തി ചിത്രം ‘ദേശ് രെ ജോയ ദാദ പര്‍ദേശ് ജോയ’ അര്‍വിന്ദിനും ഗുജറാത്തി സിനിമയില്‍ സവിശേഷസ്ഥാനം നേടിക്കൊടുത്തു. പിന്നീട് ബോളിവുഡിലേക്കും എത്തി. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
ഗുജറാത്തിലെ സബര്‍കത്ത മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ അര്‍വിന്ദ് ത്രിവേദി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ചെയര്‍മാനായി 2002-2003 കാലഘട്ടത്തിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.1991 മുതൽ 1996 വരെ എംപിയായിരുന്നു.
അർവിന്ദ് ത്രിവേദിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.
Post Your Comments