വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. വിവാഹം എന്നാൽ മരണമാണെന്നും വിവാഹമോചനം പുനർജന്മം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെന്നിന്ത്യൻ താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയുമായുള്ള വിവാഹമോചനത്തിൽ ട്വീറ്റുകളിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. വിവാഹമോചനത്തെക്കുറിച്ച് 2017ൽ താൻ നൽകിയ ഒരു അഭിമുഖവും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്.
‘വിവാഹമല്ല, വിവാഹ മോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. വിവാഹം എന്നാൽ മരണമാണ്, വിവാഹ മോചനം പുനർജന്മവും. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം രോഗമാണ്, വിവാഹ മോചനം രോഗ ശാന്തിയും.
വിവാഹങ്ങളേക്കാൾ വിവാഹ മോചനം ആഘോഷിക്കപ്പെടണം കാരണം, വിവാഹത്തിൽ, നിങ്ങൾ എന്തിലേക്ക് കടക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല, അതേ സമയം വിവാഹ മോചനത്തിൽ നിങ്ങൾ നേടിയതിൽ നിന്നാണ് നിങ്ങൾ പുറത്തു കടക്കുന്നത്. വിവാഹം നരകത്തിൽ നടക്കുന്നതാണ്, വിവാഹ മോചനം സ്വർഗത്തിലും. മിക്ക വിവാഹങ്ങളും ആഘോഷങ്ങൾ അവസാനിക്കുന്നത് വരെ പോലും തുടരുന്നില്ല. അതുകൊണ്ട് തന്നെ യഥാർഥ സംഗീത് നടക്കേണ്ടത് വിവാഹ മോചന സമയത്താണ്, വിവാഹ മോചിതരായ സ്ത്രീക്കും പുരുഷനും നൃത്തം ചെയ്യാൻ കഴിയുന്ന സമയത്ത്…’ രാം ഗോപാൽ വർമയുടെ ട്വീറ്റിൽ പറയുന്നു.
നേരത്തെ ബോളിവുഡ് താരം ആമിർ ഖാനും സംവിധായിക കിരൺ റാവുവും വിവാഹമോചിതരായ സമയത്തും ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ട് രാം ഗോപാൽ വർമ രംഗത്തെത്തിയിരുന്നു. അവർ സമൂഹ മാധ്യമത്തിലൂടെ ട്രോളുകൾ നേരിട്ടപ്പോൾ പിന്തുണയുമായി വന്ന അദ്ദേഹം, അജ്ഞതയും മണ്ടത്തരവും കൊണ്ടാണ് വിവാഹം നടക്കുന്നതെന്നും അറിവും വിവേകവും കൊണ്ടാണ് വിവാഹമോചനങ്ങൾ സംഭവിക്കുന്നതെന്നും പറഞ്ഞിരുന്നു.
Post Your Comments