സിനിമാ മേഖലയിലെ വിവാഹവും വിവാഹമോചനവും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. തെന്നിന്ത്യന്‍ താരദമ്ബതിമാരായ നാഗചൈതന്യയും സാമന്ത അക്കിനേനിയും നാല് വര്ഷം നീണ്ട അവരുടെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മലയാള സിനിമ മേഖലയിൽ ശ്രദ്ധനേടുന്നത് ഒരു കാലത്ത് ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിച്ച് പിന്നീട് ഒന്നായതിനെ കുറിച്ച് സംവിധായകനും നടനുമായ എംബി പത്മകുമാര്‍ പങ്കുവച്ച വാക്കുകളാണ്.
പൊരുത്തം നോക്കി വിവാഹം കഴിച്ചെങ്കിലും ദാമ്ബത്യ ജീവിതത്തിന്റെ തുടക്കത്തിലെ പ്രശ്‌നങ്ങളായിരുന്നുവെന്നു പത്മകുമാർ പറയുന്നു. ഭാര്യ ചിത്രയുമായി താന്‍ വേര്‍പിരിഞ്ഞ് താമസിക്കുകയും ചെയ്തു. അവിടുന്ന് തനിക്കുണ്ടായ തിരിച്ചറിവിനെ കുറിച്ചും വീണ്ടും ദാമ്ബത്യ ജീവിതം തിരികെ കൊണ്ട് വന്നത് എങ്ങനെയാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പത്മകുമാര്‍ പറയുന്നത്.
read also: ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോം : ഭാവനയുടെ പുതിയ കന്നഡ പടത്തിന്റെ ട്രെയിലര്‍ പുറത്ത്
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ജാതക പ്രകാരം ഞങ്ങള്‍ക്ക് പത്തിനടുത്ത് പൊരുത്തമുണ്ട്. അത്രയും പൊരുത്തം ഉണ്ടെങ്കില്‍ ദാമ്ബത്യം വളരെ മനോഹരമായിരിക്കുമെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ വീട്ടുകാരെല്ലാം ആലോചിച്ച് ഞങ്ങളെ കൊണ്ട് വിവാഹം കഴിപ്പിച്ചു. പുതുമോടി ഒക്കെ കഴിഞ്ഞപ്പോഴെക്കും പത്തില്‍ ഒരു ശതമാനം പോലും പൊരുത്തം ഇല്ലെന്ന് ഞങ്ങള്‍ക്ക് തന്നെ മനസിലായി. ഞങ്ങള്‍ രണ്ട് പേരും രണ്ട് ധ്രൂവങ്ങളിലായിരുന്നു. എന്റെ ടേസ്റ്റ് ആയിരുന്നില്ല ചിത്രയുടേത്. ചിത്രയുടേത് ആയിരുന്നില്ല എന്റെയും. ആദ്യമൊക്കെ ചെറിയ അസ്വാരസ്യങ്ങളെ വന്നു. പിന്നെ അത് കൂടുതലായി മാറി.
ഒരു കുഞ്ഞ് ഒക്കെ ആയപ്പോള്‍ പ്രശ്‌നം കുറയുമെന്ന് കരുതി. എങ്കിലും പ്രശ്‌നം കൂടി വരികയാണ് ചെയ്തത്. പ്രശ്‌നം ഒന്നായിരുന്നെങ്കിലും അതിന്റെ വ്യാപ്തി കൂടി വന്നു. രണ്ട് പേരും അടിച്ച് പിരിയുമെന്ന സ്റ്റേജ് വന്നപ്പോഴെക്കും ഞങ്ങള്‍ വേര്‍പിരിയുകയായിരുന്നു. ചിത്ര അവളുടെ വീട്ടിലേക്ക് പോയി. ഞങ്ങള്‍ ഡിവേഴ്‌സിന്റെ വക്കിലെത്തിയ സമയമായിരുന്നത്. കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും തിരിച്ച് പിടിച്ച ജീവിതമാണ് ഇപ്പോഴുള്ളത്.’
തുടക്കത്തിലെ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് ചിത്രയുടെ വാക്കുകൾ ഇങ്ങനെ.. ‘അന്ന് ചേട്ടന്റെ വീട്ടിലെ സാഹചര്യമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. തന്റെ വീട്ടില്‍ അച്ഛനും അമ്മയും സര്‍ക്കാര്‍ ജോലിക്കാരാണ്. അവര്‍ രാവിലെ ഡ്യൂട്ടിയ്ക്കും ഞങ്ങള്‍ സ്‌കൂളിലും പോകുന്നതായിരുന്നു സാഹചര്യം. രാവിലെ എഴുന്നേറ്റ് കിണറ്റില്‍ നിന്ന് വെള്ളം കോരി പാചകം ചെയ്യുകയോ അടുപ്പ് കത്തിക്കേണ്ടതായിട്ടുള്ള സാഹചര്യമോ വന്നിട്ടില്ല. പെട്ടെന്ന് മറ്റൊരു വീട്ടിലേക്ക് വന്നപ്പോഴാവാം എനിക്ക് പൊരുത്തപ്പെടാന്‍ പറ്റാതെ പോയത്. ഇതൊക്കെ ഞാന്‍ ചേട്ടനോട് പറഞ്ഞെങ്കിലും പുള്ളിയ്ക്ക് ഉള്‍കൊള്ളാന്‍ പറ്റിയില്ല. ഞാനെന്റെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു, അങ്ങനെ വീട്ടിലേക്ക് പോയി’.
ചിത്രയുടെ പൊരുത്തക്കേടുകള്‍ പോലെയായിരുന്നു എനിക്കും തോന്നിയതെന്ന് പത്മകുമാര്‍ പറയുന്നു. ‘നമ്മുടെ സമൂഹം പുരുഷകേന്ദ്രീകൃതമാണ്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഒരു ഭാര്യ വന്ന് കഴിഞ്ഞാല്‍, അവളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഭര്‍ത്താവിനോട് ചേര്‍ന്ന് ഹോമിച്ച് കഴിയണം എന്ന കാലത്തിലൂടെയാണ് കടന്ന് വന്നത്. ചിത്ര ജീവിച്ച് വന്ന സാഹചര്യം സ്വപ്‌നം കണ്ടാണ് വരുന്നത്. ചിത്ര ഒരു അഡ്ജസ്റ്റ്‌മെന്റിനും തയ്യാറായില്ല. ചിത്രയിലേക്ക് ഇറങ്ങി ചെല്ലാന്‍ എനിക്കും സാധിച്ചില്ല. അങ്ങനെയാണ് ക്ലാഷുകള്‍ തുടങ്ങുന്നത്. കുഞ്ഞ് ജനിച്ചെങ്കിലും ചിത്രയെ അവളുടെ വീട്ടുകാര്‍ വിളിച്ചോണ്ട് പോയി. എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും പ്രശ്‌നം ചര്‍ച്ച ചെയ്‌തെങ്കിലും ഞങ്ങള്‍ക്കിടയില്‍ പറഞ്ഞ് തീര്‍ക്കാന്‍ സാധിച്ചില്ല. ചിത്രയും കുഞ്ഞും പോയതോടെയാണ് എനിക്ക് വിഷമമായത്. ഒറ്റയ്ക്ക് ഇരുന്നപ്പോഴാണ് നമ്മള്‍ ഒരാളുടെ മോശം വശങ്ങളല്ല, നല്ല വശങ്ങളാണ് കാണേണ്ടതെന്ന് മനസിലായത്. ചിത്രയില്‍ ഞാന്‍ ഒരുപാട് നല്ല വശങ്ങള്‍ കണ്ടിട്ടുണ്ട്. ഈ സാഹചര്യങ്ങളായിരുന്നു ഞങ്ങളുടെ പ്രശ്‌നം.
ഞങ്ങള്‍ തമ്മില്‍ പരസ്പരമുള്ള സ്‌നേഹത്തിന് കുറവ് ഒന്നുമില്ലായിരുന്നു. അതുപോലെ കുഞ്ഞുങ്ങള്‍ ഒരു പറക്കമുറ്റുന്നത് വരെ അച്ഛന്റെയും അമ്മയുടെയും തണലില്‍ ആയിരിക്കണം വളരേണ്ടതെന്നും ഞാന്‍ ചിന്തിച്ചു. ഞങ്ങളുടെ അച്ഛനമ്മമാര്‍ മകനെയും മകളെയും മനസിലാക്കി. ഞങ്ങള്‍ക്കിടയില്‍ യോജിപ്പ് കൊണ്ട് വരാന്‍ ശ്രമിച്ചില്ല. വേര്‍പിരിയാന്‍ എളുപ്പമാണ്. പിന്നെ ഒരിക്കലും ചേര്‍ത്തെടുക്കാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ ചിന്തിച്ചു. ഞങ്ങള്‍ മറ്റൊരാളെ വിവാഹം കഴിച്ചാലും അവിടെയും ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ഈ ജീവിതത്തില്‍ എന്തായാലും ചേര്‍ത്തു. ഇനിയും ചേര്‍ന്ന് പോവാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞങ്ങളോ വീട്ടുകാരോ ഇടപ്പെട്ടാല്‍ പ്രശ്‌നം തീരില്ലെന്ന് തോന്നിയതോടെ ക്ലീനിക്കല്‍ സൈക്കോളജിസ്റ്റിനെ കണ്ടു.
പുള്ളി ഒരു പേപ്പറില്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എഴുതാന്‍ പറഞ്ഞു. അതിലൊന്നും ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമില്ലെന്ന് മനസിലായി. സാഹചര്യങ്ങളാണ് തടസമായി നിന്നത്. ചിത്ര നഗരത്തില്‍ വളര്‍ന്ന് നാട്ടിന്‍പുറത്തേക്ക് വന്നപ്പോള്‍ അവിടെ മണ്ണും പുകയും വെള്ളവുമൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെ വന്നു. ഞാനാണെങ്കില്‍ നാട്ടിന്‍പുറം സ്റ്റൈലിലേക്ക് ചിത്ര ഇറങ്ങി വരണമെന്ന് വാശി പിടിച്ച് ഇരുന്നു. അതൊക്കെ പറഞ്ഞ് തീര്‍ത്തു. അങ്ങനെ കാലങ്ങള്‍ പോവുന്നതിന് അനുസരിച്ചാണ് ചിത്രയിലെ അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ച് ഞാന്‍ അറിയുന്നത്. ഏത് സാഹചര്യത്തിനോടും അവള്‍ പൊരുത്തപ്പെടാനും ഞാന്‍ അവളുടെ ആഗ്രഹങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയപ്പോഴുമാണ് ഞങ്ങളുടെ ജീവിതത്തില്‍ നിറം വന്നത്’- പത്മകുമാർ പറയുന്നു.
വേര്‍പിരിയുന്നതിനു മുന്‍പ് ഇതുപോലെ ചിന്തിക്കുന്ന ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ ഉണ്ടങ്കില്‍ എത്ര നല്ലതാണെന്നാണ് പത്മകുമാറിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
Post Your Comments