കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലും താനുമായി പ്രൊഫഷണൽ അടുപ്പം മാത്രമാണുള്ളതെന്ന് നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതും മാത്രമാണ് അയാളുമായുള്ള ബന്ധമെന്ന് നടി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
‘മോൻസനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽനിന്നു സേവനം ലഭിച്ചിട്ടുണ്ട്. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നാൽ തട്ടിപ്പുകാരനാണെന്ന വാർത്തകൾ കേട്ട് ഞെട്ടിപ്പോയി. നമ്മളെ ഒരു സിനിമയ്ക്കോ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ സുരക്ഷിതത്വവും നോക്കിയിരുന്നു. അതും അവിടെ നിന്നും ലഭിച്ചു.
അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടികൊഴിച്ചിൽ. ഒരുപാട് ആശുപത്രികളിൽ കാണിച്ചിട്ടും രക്ഷയുണ്ടായില്ല. ഒടുവിൽ അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ അല്ലെന്ന് കേട്ടപ്പോൾ ഞെട്ടി’, ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.
Post Your Comments