കൊച്ചി: പുരാവസ്തു ശേഖരണത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ തിരിച്ചറിയാതെ ബന്ധം പുലർത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിമർശിച്ച് സംവിധായകൻ ജിയോ ബേബി. മോൺസൺ മാവുങ്കലിന്റെ വീടിന് സംരക്ഷണം നൽകിക്കൊണ്ട് ഉത്തരവ് ഇറക്കിയ ഡിജിപിയെയും ഉത്തരവ് പാലിച്ച ജില്ലാ പോലീസ് മേധാവിയെയും പരിഹസിച്ചുകൊണ്ടുള്ള ഷാഹിന കെ കെയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ജിയോ ബേബിയുടെ വിമർശനം.
മുൻ ഡിജിപിമുതൽ താഴോട്ടുള്ള, ഇതിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ നേരിട്ട് പങ്കാളികൾ ആണോ എന്ന് അന്വേഷിക്കുമോ ഈ സർക്കാരിന്റെ ക്രൈം ബ്രാഞ്ച് എന്ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു. സാധാരണക്കാരായ മനുഷ്യർ ചതിക്കപ്പെടാനും അവരുടെ പണം നഷ്ടപ്പെടാനുമുള്ള സാഹചര്യം ഒരുക്കിയതിൽ ഉന്നത പോലീസ്ഇ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ആ ഉത്തരവാദിത്തത്തിൽ നിന്ന് ലോകനാഥ് ബെഹ്‌റ മുതൽ താഴോട്ടുള്ള ഒരാൾക്കും ഒഴിഞ്ഞു മാറാൻ ആവില്ല എന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഒരു പോലീസ് വിഭാഗത്തിന്റെ തലപ്പത്ത് ഇരിക്കുന്നതിൽ മുഖ്യമന്ത്രിക്ക് ലജ്ജിക്കാം എന്നാണു പോസ്റ്റിലെ പ്രധാന വിമർശനം.
ജിയോ ബേബി പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ്:
ട്രോൾ ഒക്കെ കഴിഞ്ഞെങ്കിൽ കുറച്ച് കാര്യം പറയാം. വീട്ടിലുള്ള കുടവും വിളക്കും ഖുറാനും ബൈബിളും വാകിംഗ് സ്റ്റിക്കും ഒക്കെ പുരാവസ്തു ആണെന്ന് ഇങ്ങനെ സോഷ്യൽ മീഡിയയിൽ തമാശ പറയുന്നതിൽ തെറ്റില്ല. പക്ഷേ തന്റെ കൈവശം ഉള്ള പുരാവസ്തു ശേഖരത്തിന് പോലീസ് കാവൽ വേണമെന്ന് ഒരാൾ ആവശ്യപ്പെട്ടാൽ പോലീസ് പ്രാഥമികമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഒന്ന് ഈ പറയുന്നത് പുരാവസ്തു ആണെന്ന് ഉറപ്പ് വരുത്തണം. അതെങ്ങനെ ഉറപ്പ് വരുത്തും? അതിന് ഈ ഇന്ത്യമഹാരാജ്യത്ത് ചില നിയമങ്ങൾ ഉണ്ട്. Antiquities and Art Treasures Act of 1972 എന്നൊരു നിയമം ഉണ്ട്. പുരാവസ്തു എന്നാൽ എന്താണെന്ന് അതിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഒരു വസ്തു പുരാവസ്തു ആയി പരിഗണിക്കണമെങ്കിൽ കുറഞ്ഞത് 100 വർഷം പഴക്കം ഉണ്ടാകണം. അത് ഒരു രേഖയോ കയ്യെഴുത്തു പ്രതിയോ ആണെങ്കിൽ 75 വർഷത്തെ പഴക്കം ഉണ്ടാവണം. അപ്പോൾ ശരി, ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മോതിരത്തിന് നൂറു വർഷത്തെ പഴക്കം ഉണ്ടെന്ന് ചുമ്മാ അങ്ങ് അവകാശപ്പെട്ടാൽ മതിയോ? പോരാ. പുരാവസ്തു കേന്ദ്രസർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ വഴി അംഗീകരിക്കണം. അങ്ങനെ ഒക്കെ അംഗീകരിച്ചു കിട്ടണമെങ്കിൽ അതിന്റെ കാലപ്പഴക്കം പരിശോധിക്കാനുള്ള വൈദഗ്ധ്യം ഉള്ള, തലയിൽ കിഡ്നി ഉള്ള ആർക്കിയോളജിസ്റ്റുകൾ പരിശോധിച്ച് അംഗീകരിക്കേണ്ടി വരും. ഈ കടമ്പ എല്ലാം കടന്നാൽ ഒരാൾക്ക് പുരാവസ്തുക്കൾ വിൽക്കാൻ കഴിയുമോ? ഇല്ല. സെക്ഷൻ ഏഴ് പ്രകാരം പുരാവസ്തുക്കളുടെ ബിസിനസ് നടത്തണമെങ്കിൽ കേന്ദ്രസർക്കാരിന്റെ ലൈസൻസ് വേണം. ഈ നിയമപ്രകാരം നിയമിക്കപ്പെടുന്ന ലൈസൻസിങ് ഓഫീസറുടെ പക്കൽ നിന്ന് ലൈസൻസ് കിട്ടണം.
തന്റെ ആക്രിക്കടക്ക് പ്രൊട്ടക്ഷൻ വേണമെന്ന് ഒരുത്തൻ ആവശ്യപ്പെടുമ്പോഴേക്കും അതനുവദിച്ച് ഉത്തരവിറക്കുന്ന ഡിജിപിക്ക് നാട്ടിൽ ഇങ്ങനെ ചില നിയമങ്ങൾ ഉണ്ടെന്ന് പോലും അറിയില്ലായിരുന്നോ? (ശരിക്കും ആക്രിക്കട നടത്തുന്നവർ ക്ഷമിക്കണം. നിങ്ങളോട് ബഹുമാനമേയുള്ളൂ )മോൺസൺ മാവുങ്കലിന്റെ വീടിന് സംരക്ഷണം നൽകാൻ 2019ജൂൺ 13 ന് ഡിജിപി ഇറക്കിയ ഉത്തരവിൽ പറയുന്നത് ‘ വലിയ വിലപിടിപ്പുള്ള, അത്യപൂർവമായ പുരാവസ്തുക്കളുടെ വൻശേഖരം ഉള്ളതിനാൽ ‘എന്നാണ്. വായിച്ചിട്ട് തൊലി ഉരിയുന്നു. ഇവരൊക്കെ കൂടി ഭരിക്കുന്ന കേരളത്തിൽ വലിയ പരിക്കില്ലാതെ ജീവിച്ചു പോകാൻ പറ്റുന്നത് അത്ഭുതം തന്നെയാണ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി, അന്നത്തെ ഡിജിപിക്ക് അയച്ച കത്തിൽ പറയുന്നത്, തങ്ങൾ എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടു എന്നാണ്. എന്താണ് ഇവർ പരിശോധിച്ചത്? എന്താണ് ഇവർക്ക് ബോധ്യപ്പെട്ടത്? കയ്യിലുള്ള വസ്തുക്കൾ പുരാവസ്തുക്കൾ ആയി declare ചെയ്തു കൊണ്ടുള്ള ഗസറ്റ് നോട്ടിഫിക്കേഷന്റെ കോപ്പി എവിടെ എന്നെങ്കിലും ചോദിക്കാൻ വെളിവുള്ള ഒരുത്തനും ഇല്ലായിരുന്നോ കേരള പോലീസിൽ? പാവപ്പെട്ട സ്‌കൂട്ടർ യാത്രക്കാരെ വഴിയിൽ പിടിച്ചു നിർത്തി ലൈസൻസ് ചോദിക്കുന്നതാണല്ലോ പോലീസിന്റെ ശീലം. എന്നിട്ടും ഇയാൾക്ക് പുരാവസ്തുക്കൾ വിൽക്കാൻ ലൈസൻസ് ഉണ്ടോ എന്ന് ഇക്കണ്ട കാലത്തിനിടെ ഒരിക്കൽ പോലും ചോദിച്ചില്ലേ?
മോൺസൺ മാവുങ്കലിന് എതിരെ നേരത്തെ ഉണ്ടായിട്ടുള്ള പരാതിയിൽ അയാളുടെ താല്പര്യം അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ ശ്രമം നടത്തിയതും, ഒരു പെൺകുട്ടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഒരു നടപടിയും എടുക്കാതിരുന്നതും ഒടുവിൽ ആ പെൺകുട്ടിക്ക് സ്വകാര്യ അന്യായം കൊടുക്കേണ്ടി വന്നതും പോലീസിന് നിയമം അറിയാത്തത് കൊണ്ടല്ല. മുൻ ഡിജിപിമുതൽ താഴോട്ടുള്ള, ഇതിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ നേരിട്ട് പങ്കാളികൾ ആണോ എന്ന് അന്വേഷിക്കുമോ ഈ സർക്കാരിന്റെ ക്രൈം ബ്രാഞ്ച്? ഇനി ഈ തട്ടിപ്പിൽ ഇവർക്കൊന്നും പങ്കില്ല എന്ന് തന്നെ കരുതിയാലും, സാധാരണക്കാരായ മനുഷ്യർ ചതിക്കപ്പെടാനും അവരുടെ പണം നഷ്ടപ്പെടാനുമുള്ള സാഹചര്യം ഒരുക്കിയതിൽ ഇവർക്കൊക്കെ പങ്കുണ്ട്. ആ ഉത്തരവാദിത്തത്തിൽ നിന്ന് ലോകനാഥ് ബെഹ്‌റ മുതൽ താഴോട്ടുള്ള ഒരാൾക്കും ഒഴിഞ്ഞു മാറാൻ ആവില്ല. മുഖ്യമന്ത്രിക്ക് ലജ്ജിക്കാം, ഇങ്ങനെ ഒരു പോലീസ് വിഭാഗത്തിന്റെ തലപ്പത്ത് ഇരിക്കുന്നതിൽ. പോലീസിന്റെ മനോവീര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഒരിഞ്ച് പിറകോട്ടു പോവരുത്.
Post Your Comments