കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികൾ തട്ടിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോന്സന് മാവുങ്കലിന് നിരവധി പ്രമുഖരുമായി അടുപ്പമുണ്ട്. സംഭവത്തിൽ മോൻസന്റെ വലയിൽ വീണവരെ പരിഹസിച്ച് സംവിധായകൻ മേജർ രവി. ലോക്നാഥ് ബെഹ്റയെ പോലുള്ളവര്‍ പോലും ഇത്തരം ആളുകളുടെ വലയില്‍ പോയിപ്പെടുന്നത് കഷ്ടമാണെന്ന് അദ്ദേഹം ഒരു ചാനലിനോട് വ്യക്തമാക്കി.
‘ഏതെങ്കിലും പരിപാടികളില്‍ വെച്ചു ഫോട്ടോ എടുക്കുന്നതും അവരുടെ വീട്ടില്‍ പോയി ഫോട്ടോ എടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഈ പുരാവസ്തുക്കളിലോ അന്ധവിശ്വാസങ്ങളിലോ ഒട്ടും താത്പര്യമില്ല. കൃഷ്ണനെ കെട്ടിയിട്ട ഉരല്, യശോദ വെണ്ണ സൂക്ഷിച്ച പാത്രം എന്നൊക്കെ പറയുമ്പോള്‍ വിശ്വസിക്കാന്‍ നടക്കുന്നവരോട് എനിക്ക് പുച്ഛമാണ്. ഒന്നു സ്വയം ചിന്തിച്ചാല്‍ ഇത്തരം തട്ടിപ്പുകള്‍ മനസിലാക്കാന്‍ കഴിയും’, മേജര്‍ രവി പറയുന്നു.
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന് സുരക്ഷ ഒരുക്കിയത് മേജര്‍ രവിയുടെ കമ്പനിയാണെന്ന പ്രചാരണത്തിനെതിരെ സംവിധായകന് രംഗത്തെത്തിയിരുന്നു. തന്റെ പേര് ദുരുപയോഗം ചെയ്തു എന്നാണ് മേജര്‍ രവി പറയുന്നത്. പ്രദീപ് എന്ന മോന്‍സന്റെ സുരക്ഷ ജോലിക്കാരന് തന്റെ ഫാന്‍സ് അസോസിയേഷനെ വരെ സമീപിച്ചിരുന്നതായി മേജര്‍ രവി പറയുന്നു.
‘ഐഎസ്എല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടക്കുന്ന സമയത്ത് ഞാൻ കൂടി ഡയറക്ടറായിരിക്കുന്ന തണ്ടര്‍ ഫോഴ്സില്‍ പ്രദീപ് എന്ന ഈ വ്യക്തി ഉണ്ടായിരുന്നു. ഹൈദരാബാദില്‍ ഒരു അതിഥിയ്ക്കൊപ്പം സുരക്ഷാ ജോലിയില്‍ നിയോഗിക്കപ്പെട്ട പ്രദീപിനെതിരെ ഒരു പരാതി വന്നതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും തണ്ടര്‍ഫോഴ്സിന്റെ പേരു പറഞ്ഞാണ് പുതിയ ജോലികള്‍ കണ്ടെത്തുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. തണ്ടര്‍ഫോഴ്സിന്റെ യൂണിഫോമും ഇയാള്‍ ഉപയോഗിച്ചിരുന്നു.
ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതുമാണ്. അതിനുശേഷം ആ യൂണിഫോം അവര്‍ ഉപയോഗിച്ചിട്ടില്ല. ആറു മാസം മുമ്പാണ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതും നടപടി സ്വീകരിച്ചതും. പ്രദീപ് ഒരു പ്രവാസി വ്യവസായിയുടെ ഭാര്യയോട് തന്റെ ബോഡിഗാര്‍ഡ് ആയിരുന്നു എന്ന് പറഞ്ഞ് പരിചയപ്പെട്ടുവെന്നത് ഞാൻ അറിയുന്നത് ഇന്നാണ്. ഇന്നു രാവിലെ ഫെയ്സ്ബുക്കില്‍ ഒരു സ്ത്രീയുടെ സന്ദേശം ലഭിച്ചു. കഴിഞ്ഞാഴ്ച പ്രദീപ് എന്നയാള്‍ മേജര്‍ രവിയുടെ ബോഡിഗാര്‍ഡ് ആയിരുന്നെന്ന് പരിചയപ്പെടുത്തി സമീപിച്ചിരുന്നെന്ന് ആ സ്ത്രീ പറഞ്ഞു. ഇപ്പോള്‍ മോന്സന് എന്ന വ്യക്തിയുടെ ബോഡിഗാര്‍ഡ് ആയി ജോലി ചെയ്യുകയാണെന്നും അയാള്‍ അവരോട് പറഞ്ഞു. ഇവരുടെ സന്ദേശം കണ്ടപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലാക്കുന്നത്. ഞാൻ ഒരിക്കലും സുരക്ഷയ്ക്ക് വേണ്ടി ബോഡിഗാര്‍ഡിനെ വച്ചിട്ടില്ല. എനിക്ക് ഒരു ബോഡിഗാര്‍ഡുമില്ല, അതിന്റെ ആവശ്യവുമില്ല’, മേജർ രവി മനോര ഓൺലൈനോട് വ്യക്തമാക്കി.
Post Your Comments