പഠിക്കുന്ന സമയത്ത് പേര് മാറ്റി പറഞ്ഞു, ഒടുവിൽ കള്ളം പൊളിഞ്ഞു: സുഹൃത്തുക്കൾ തന്നെയാണ് എന്നെ മമ്മൂട്ടി ആക്കിയത്

ഡോക്യുമെന്ററിയിലൂടെ മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും മമ്മൂട്ടി പഠിച്ച കലാലയത്തിലൂടെയും പിന്നീട് സിനിമയിലൂടെയും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു

തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച മമ്മൂട്ടി എന്ന മഹാനടൻ താരരാജാവായി ഇന്നും മലയാള സിനിമയിൽ തുടരുന്നു. അടുത്തിടയിലായിരുന്നു അദ്ദേഹം സിനിമയിൽ തന്റെ അരനൂറ്റാണ്ട് പൂർത്തീകരിച്ചതും, 70-ാം ജന്മദിനം ആഘോഷിച്ചതും. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച്‌ തോമസ് ടി. കുഞ്ഞുമോന്‍ ദൂരദര്‍ശന് വേണ്ടി ചെയ്ത ‘നക്ഷത്രങ്ങളുടെ രാജകുമാരൻ’ എന്ന ഡോക്യുമെന്ററിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഈ ഡോക്യുമെന്ററിയിലൂടെ മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും മമ്മൂട്ടി പഠിച്ച കലാലയത്തിലൂടെയും പിന്നീട് സിനിമയിലൂടെയും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു. മമ്മൂട്ടിയെ കുറിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം അനുഭവങ്ങൾ പങ്കിടുന്നു. അതോടൊപ്പം തന്റെ യഥാർത്ഥ പേരായ മുഹമ്മദ് കുട്ടി മാറി മമ്മൂട്ടി എന്ന പേര് വന്നതിനു പിന്നിലെ കാരണവും മമ്മൂട്ടി വെളിപ്പെടുത്തുന്നു.

മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു. തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല. മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ മുഹമ്മദ് ഷെരീഫ് എന്നാണ് തന്റെ പേരെന്ന് സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ ശശീന്ദ്രന്‍ എന്ന സുഹൃത്ത് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് തന്റെ പേര് മനസ്സിലാക്കി. അങ്ങനെ കള്ളം പൊളിഞ്ഞു. സുഹൃത്തുക്കളാണ് മുഹമ്മദ് കുട്ടിയെ ചുരുക്കി മമ്മൂട്ടിയാക്കുന്നത്. കളിയാക്കാന്‍ വേണ്ടി വിളിച്ചതാണെങ്കില്‍ ഒടുവില്‍ തന്റെ പേര് അതായി മാറിയെന്ന് മമ്മൂട്ടി പറയുന്നു.

 

Share
Leave a Comment