
ഇന്നു സംസ്ഥാനത്തു നടക്കുന്ന ഹർത്താൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ വിജയ് ബാബുവിന് നേരെ വിമർശനവുമായി ചിലർ രംഗത്തെത്തുകയും ചെയ്തു.
ഞായറാഴ്ചയാണ് വിജയ് ബാബു ഹർത്താലിനെതിരെ സമൂഹമാധ്യമത്തിൽ പ്രതിഷേധക്കുറിപ്പ് പങ്കുവച്ചത്. ‘നാളെ നടക്കാനിരിക്കുന്ന ഹർത്താലിന് പിന്നിലെ ലോജിക് മനസിലാകുന്നില്ല (അതിപ്പോൾ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!) അതും ഹർത്താലിനെക്കാൾ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാർത്ഥത്തിൽ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ’, എന്നായിരുന്നു വിജയ് ബാബു കുറിച്ചത്.
എന്നാൽ പട്ടുമെത്തയിൽ കിടക്കുന്നവർക്ക് ഇതൊക്കെ എങ്ങനെ മനസിലാകാനാണ് എന്ന തരത്തിലായിരുന്നു പോസ്റ്റിനു മറുപടിയായി ഒരാൾ കുറിച്ചത്. ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട വിജയ് ബാബു വിമർശകന് കൃത്യമായ മറുപടിയും നൽകുകയും ചെയ്തു.
‘സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ,’ എന്നായിരുന്നു വിജയ് ബാബുവിന്റെ വാക്കുകൾ.
വിജയ ബാബുവിനെ പിന്തുണച്ചുകൊണ്ടും നിരവധിപേർ രംഗത്തെത്തിയിരുന്നു. കോവിഡ് മൂലം ജനങ്ങൾ ഇത്രയും ബുദ്ധിമുട്ടിലായി ഇരിക്കുന്ന സമയത്ത് ഹർത്താൽ നടത്താൻ പാടില്ലായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.
Post Your Comments