CinemaGeneralInterviewsLatest NewsMollywoodNEWS

‘ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം വരുന്നത് എല്ലാം പ്രായം ചെന്ന വേഷങ്ങൾ, ഇതും ഒഴിവാക്കാൻ നോക്കിയതാണ്: സുരാജ് വെഞ്ഞാറമൂട്

പ്രായംചെന്ന വേഷങ്ങൾ തുടർച്ചയായി അഭിനയിക്കുന്നതോടെ ചെറുപ്പത്തിലേ വയസ്സനായിപ്പോകുമെന്ന സിനിമാക്കാരുടെ ഉപദേശം കൂടിയായപ്പോൾ സുരാജ് ഇനി ഇത്തരം വേഷങ്ങൾ ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു

ഹാസ്യ താരത്തില്‍ നിന്നും മലയാളികളുടെ പ്രിയങ്കരനായ നായകനായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളി സിനിമാ പ്രേമികളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സുരാജ് സമ്മാനിക്കുന്നത്. കോമഡി മാത്രമല്ല, ഇമോഷണലായുള്ള രംഗങ്ങളും കൈയ്യടക്കത്തോടെ തനിക്ക് വഴങ്ങുമെന്ന് നടൻ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ദശമൂലം രാമുവിനെ പോലുള്ള ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത വിധമുള്ള മാറ്റമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി പ്രേക്ഷകരും കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘കാണെക്കാണെ’ എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഈ സിനിമ താൻ ആദ്യം നിരസിച്ചതായിരുന്നുവെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിന് ശേഷം പ്രായംചെന്ന കഥാപാത്രങ്ങൾ കൂട്ടത്തോടെ വരാൻ തുടങ്ങിയെന്നും, അതുകൊണ്ടാണ് കാണെക്കാണെയിലെ വേഷം വേണ്ട എന്ന് തീരുമാനിച്ചതെന്നും സുരാജ് പറയുന്നു. പ്രായംചെന്ന വേഷങ്ങൾ തുടർച്ചയായി അഭിനയിക്കുന്നതോടെ ചെറുപ്പത്തിലേ വയസ്സനായിപ്പോകുമെന്ന സിനിമാക്കാരുടെ ഉപദേശം കൂടിയായപ്പോൾ സുരാജ് ഇനി ഇത്തരം വേഷങ്ങൾ ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ സംവിധായകൻ മനു അശോകൻ കഥ പറഞ്ഞപ്പോൾ ഇത് ചെയ്യണം എന്ന് തോന്നി എന്ന് സുരാജ് പറയുന്നു.

‘പ്രകടനം കൊണ്ട് സുരാജ് വീണ്ടും ഞെട്ടിച്ചു എന്നാണ്.., കാണെക്കാണെയ്ക്കു ലഭിക്കുന്ന കമന്റുകളിലധികവും സന്തോഷം, നല്ല നല്ലവാക്കുകൾക്ക് നന്ദി. സിനിമ കൂട്ടായ പരിശ്രമമാണ്. എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ ഒപ്പം അഭിനയിച്ചവരുടെ പ്രകടനം ശക്തമായതുകൊണ്ടാണ്. കഥാപാത്രങ്ങളായെത്തിയവരെല്ലാം പരസ്പരധാരണയോടെ ഓരോ രംഗവും മികച്ചതാക്കി. ടൊവിനോയും ഐശ്വര്യലക്ഷ്മിയും കഥയിൽ ഒരു രംഗത്തുമാത്രം വന്നുപോകുന്നവർപോലും സ്വന്തം പ്രകടനങ്ങൾ ഭംഗിയാക്കി എന്നാണ് എനിക്ക് തോന്നിയത്. കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ മനു അശോകൻ ഭംഗിയായി വിവരിച്ചിരുന്നു, ക്യാമറയ്ക്കുമുന്നിൽ നിൽക്കുമ്പോൾ അതെല്ലാം ഗുണം ചെയ്തു’, സുരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button