ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സണ്ണി’. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദർശനത്തിനെത്തിയത് മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ജയസൂര്യ എന്ന ഒറ്റ കഥാപാത്രം മാത്രമേ ഈ ചിത്രത്തിലുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തില്‍ ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ച അജു വര്‍ഗീസിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് രഞ്ജിത് ശങ്കര്‍.
പ്രതിഫലം വാങ്ങാതെയാണ് അജു ചിത്രത്തിലെ ‘കോഴി’ എന്ന കഥാപാത്രത്തിന്റെ ശബ്ദമായി എത്തിയതെന്ന് രഞ്ജിത് പറയുന്നു. നേരത്തെ മറ്റൊരു താരത്തെയായിരുന്നു ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തതെന്നും എന്നാല്‍ ആ നടന് അസൗകര്യം വന്നതോടെയാണ് അജുവിലേക്ക് എത്തിയതെന്നും രഞ്ജിത് ശങ്കര്‍ പറയുന്നു.
രഞ്ജിത്ത് ശങ്കറിന്റെ വാക്കുകൾ:
സണ്ണി ഒറ്റയ്ക്കാണ്, എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം, കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കള്‍ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്. അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്. സണ്ണിയിലെ കോഴി അജു ആവും എന്ന് ഞാന്‍ കരുതിയതല്ല. ഒരു പുതിയ കോമ്പിനേഷന്‍ എന്ന നിലയില്‍ മറ്റൊരാളെ ആണ് ഷൂട്ടിങ് സമയത്ത് തീരുമാനിച്ചത്.
ഡബ്ബിങ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോൾ മറ്റാര് എന്നാലോചിച്ചു. അജുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം, ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം. രണ്ടു പടത്തിന്റെ ഷൂട്ടിങിന് ഇടയില്‍ നിന്നാണെന്ന് ഓര്‍ക്കണം.
കോഴി എന്ന ഫോണ്‍ ക്ലോസപ്പിൽ മറ്റൊരു നടന്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു ഡബ്ബ് ചെയ്തു. ചെറിയ കറക്ഷന്‍സ് ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വീണ്ടും വന്നു. പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടമായി ചോദിച്ചോളം എന്ന് തമാശ പറഞ്ഞു.
Post Your Comments