
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച താരമാണ് ടി.ജി. രവി. 1974 ൽ പുറത്ത് ഇറങ്ങിയ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ടിജി രവി പിന്നീട് മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ടി.ജി. രവിക്ക് അഭ്യുദയകാംഷികളുടെയും ആസ്വാദരുടെയും നേതൃത്വത്തിൽ സ്നേഹാദരം നൽകിയിരിക്കുകയാണ്.
തൃശൂർ എലെെറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ പൊന്നാട അണിയിച്ചു. ജയരാജ് വാര്യർ അധ്യക്ഷനായി. കെ വി അബ്ദുൾ ഖാദർ, ശിവജി ഗുരുവായൂർ, എം അരുൺ, ഷെെജു അന്തിക്കാട്, എ എൽ ഹനീഫ് എന്നിവർ സംസാരിച്ചു. ടി ജി രവിയുടെ 250–-ാമത്തെ സിനിമയായ ‘അവകാശികൾ’ ട്രെയിലർ ചടങ്ങിൽ പ്രകാശിപ്പിച്ചു.
നടൻ എന്ന നിലയിലുള്ള തന്റെ ഏക ദുഃഖം സത്യനോടൊത്ത് അഭിനയിക്കാൻ അവസരം ലഭിച്ചില്ല എന്നതാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. നെഗറ്റീവ് കഥാപാത്രങ്ങൾ മടുത്താണ് ഒരു ഘട്ടത്തിൽ സിനിമയിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ ഇപ്പോൾ പുതിയ സംവിധായകരുടെ സിനിമകൾ പ്രതീക്ഷ നൽകുന്നു. നാടകമാണ് തന്റെ യഥാർഥ തട്ടകമെന്നും ഇന്നും നാടകത്തെ സ്നേഹിക്കുന്നുവെന്നും ടി ജി രവി പറഞ്ഞു.
Post Your Comments