കഴിഞ്ഞ ദിവസമാണ് താൻ പുതിയ യുട്യൂബ് ചാനൽ തുടങ്ങിയ വിവരം നടൻ മുകേഷ് അറിയിച്ചത്. മമ്മൂട്ടിയും മോഹൻലാലുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ‘മുകേഷ് സ്‍പീക്കിംഗ്’ എന്ന യുട്യൂബ് ചാനലിന്‍റെ ടീസര്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ആദ്യ എപ്പിസോഡിൽ നടൻ മമ്മൂട്ടിയെ സൈന്യം സിനിമയുടെ ഷൂട്ടിങ്ങിനിടെ പറ്റിച്ച ഒരു അനുഭവം പങ്കുവെയ്ക്കുകയാണ മുകേഷ്.
മുകേഷിന്റെ വാക്കുകൾ:
‘സൈന്യം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. രാജ്യത്തിന്റെ വിവിധ പട്ടാള ക്യാംപുകളിലാണ് ഷൂട്ടിങ്. എല്ലായിടത്തും വളരെ മികച്ച സ്വീകരണം. ഒരിടത്ത് അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥൻ ഒരു മലയാളി ആയിരുന്നു. മമ്മൂട്ടിയെ കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷം. എന്താവശ്യത്തിനും മറ്റൊരു മലയാളി ഉദ്യോഗസ്ഥനെയും അദ്ദേഹം ഏർപ്പെടുത്തി. അങ്ങനെ പോകുമ്പോഴാണ് പട്ടാള ക്യാന്റീനിൽ സാധനങ്ങൾക്ക് വളരെ വിലക്കുറവാണെന്ന് അറിയുന്നത്.
ഒപ്പം അഭിനയിക്കുന്ന താരങ്ങളുടെ അടക്കം നിർബന്ധത്തിന് വഴങ്ങി ഈ ഉദ്യോഗസ്ഥാനോട് മദ്യം വാങ്ങിക്കുന്ന കാര്യം പറഞ്ഞു. കേട്ടപ്പോൾ തന്നെ അദ്ദേഹം ആവേശത്തോടെ ഞങ്ങൾക്ക് കുപ്പി എത്തിച്ചു. സംശയം തോന്നാതിരിക്കാൻ ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്കയുടെ പേരും അതിൽ പിടിച്ചിട്ടു. മമ്മൂക്കയും കഴിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഉദ്യോഗസ്ഥനും വലിയ സന്തോഷം. എന്നും വന്ന് അദ്ദേഹം മമ്മൂട്ടിയോട് ചോദിക്കും. ഏങ്ങനെ ഉണ്ടായിരുന്നു സാർ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങിനെ പറ്റിയാണ് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയുംകൊടുക്കും. ഒടുവിൽ ഷൂട്ടിങ് തീരുന്ന ദിനം. ഈ ഉദ്യോഗസ്ഥൻ വന്ന് ചോദിച്ചു. കുപ്പി തന്നുവിടട്ടെ. മമ്മൂക്കയുടെ കാറിൽ വച്ചേക്കാം. അതുകേട്ടപ്പോൾ എനിക്ക് ഒന്നുവേണമെന്നുണ്ട്. മമ്മൂക്ക അറിയാതെ പണി ഒപ്പിക്കണം.
ഞാൻ മമ്മൂട്ടിയുടെ അടുത്ത് ചെന്നു. മമ്മൂക്ക ഇവിടെ മിക്സിക്കൊക്കെ വലിയ വിലക്കുറവാണ്. ഞാനൊന്ന് വാങ്ങിയാലോ എന്നാ ആലോചിക്കുന്നേ. ആ ഉദ്യോഗസ്ഥൻ കാറിൽ െകാണ്ടുവച്ചേക്കാമെന്ന് പറയുന്നുണ്ട്. മമ്മൂക്കയ്ക്ക് വേണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഞാൻ പറഞ്ഞു. വിവിധ രാജ്യങ്ങളുടെ 200 ലേറെ മിക്സികൾ ഉള്ള ആളാണ് അദ്ദേഹമെന്ന്. അപ്പോൾ മമ്മൂട്ടി പറഞ്ഞു, ശെ. 200 എന്നൊന്നും പറയണ്ടായിരുന്നു. ആ നിനക്ക് വേണമെങ്കിൽ വാങ്ങിച്ചോ. അങ്ങനെ ആ ഉദ്യോഗസ്ഥൻ എനിക്ക് കുപ്പി വാങ്ങി കാറിൽവച്ചു തന്നുവിട്ടു. ഇന്ന് ഇതിലൂടെയാകും മമ്മൂട്ടി അന്ന് നടന്ന ‘ചതി’കളുടെ സത്യം അറിയുന്നത്. ആ ഉദ്യോഗസ്ഥൻ എന്നും വന്ന് മമ്മൂട്ടിയോട് എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കുമ്പോൾ സിനിമയെ കുറിച്ചാണെന്ന് അദ്ദേഹം കരുതി പോന്നു. അതാണ് മമ്മൂട്ടി. സിനിമയാണ് അദ്ദേഹത്തിനെല്ലാം. ക്ഷമിക്കണം മമ്മൂക്ക’ , മുകേഷ് പറഞ്ഞു.
Post Your Comments