മുംബൈ: നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട നടി ഗഹന വസിഷ്ഠ് മുംബൈ പോലീസിന് മൊഴി നൽകി. നഗ്നദൃശ്യങ്ങളുള്ള ചലച്ചിത്രങ്ങളാണ് താൻ നിർമിച്ചതെന്നും, അവയെ നീലച്ചിത്രമെന്നു പറയാനാവില്ലെന്നും ഗഹന പോലീസിനോടു പറഞ്ഞു. ഈ കേസിൽ ഗഹനയെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അഭിഭാഷകനൊപ്പം ഗഹന ക്രൈം ബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ എത്തിയത്.
മുംബൈയിലെ ഒരു മോഡലിന്റെ പരാതിയിലാണ് മാൽവനി പോലീസ് ഗഹനയ്ക്കെതിരേ ജൂലായിൽ പുതിയ കേസെടുത്തത്. വൻകിടനിർമാതാക്കളുടെ സിനിമയിൽ അവസരം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
ഭീഷണിപ്പെടുത്തി പെൺകുട്ടികളെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചു എന്ന പരാതിയിൽ ഗഹന വസിഷ്ഠിനെതിരേ മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത മൂന്നാം കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റു രണ്ടു കേസുകളിൽ ഗഹനയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചതാണ്.
അതേസമയം തുറന്നു സംസാരിക്കുന്നതിന്റെ പേരിലാണ് പോലീസ് തന്നെ കേസിൽ കുടുക്കുന്നതെന്ന് ഗഹന മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാൽവനി പോലീസിനു നൽകിയ പരാതി വ്യാജമാണ്. കള്ളപ്പരാതി നൽകിയ യുവതിക്കെതിരേ മാനനഷ്ടക്കേസ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഗഹന വസിഷ്ഠ് പറഞ്ഞു.
Post Your Comments