സംഗീത ലോകത്ത് അത്ഭുതം സൃഷ്ടിച്ച ഏവരുടെയും പ്രിയങ്കരനായ എസ്പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. 2020 സെപ്റ്റംബർ 25നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന അതുല്യ ഗായകൻ വിടവാങ്ങിയത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും അദ്ദേഹം ലോകം മുഴുവനുമുള്ള സംഗീത ആസ്വാദകരുടെ ഹൃദയം സ്വന്തമാക്കി.
ആദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണമാണ് എസ്പിബി കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായത്. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഗായകനായി മാത്രമല്ല നടന്, സംഗീത സംവിധായകന്, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.
1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബിയുടെ ജനനം. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആര് നായകനായ അടിമൈപ്പെണ് എന്ന ചിത്രത്തിലെ ഗാനമാണ് എസ്പിബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. ഹിന്ദിയിലെ അരങ്ങേറ്റം ആര്.ഡി.ബര്മന് ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു.
1969-ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ കടലും മറുകടലും എന്ന അതിമനോഹരമായ ഗാനം പാടിക്കൊണ്ട് മലയാളത്തിലും തന്റെ സ്ഥാനം ഉറപ്പിച്ചു.
Post Your Comments