തിരുവനന്തപുരം: നഷ്ടപ്രണയത്തിന്റെ ഓർമ്മയ്ക്കായി 666 ബലൂണുകൾ ഊതിവീർപ്പിച്ച യുവാവിനെക്കുറിച്ച് സോഷ്യൽ മീഡിയ കുറിപ്പുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഉത്രയും വിസ്മയയും ഉറക്കം കെടുത്തിയ കാലത്താണ് ഒരു യുവാവ് പിരിഞ്ഞു പോയവൾക്ക് 666 ചുവന്ന പകൽനക്ഷത്രങ്ങളെ സമ്മാനിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രണയത്തിന്റെ ഉപാധികളില്ലാത്ത ഈ ചുവപ്പിനെയാണ്, ഇന്നലെ, നിത്യകാമുകനായ ഈ യുവാവ് വീണ്ടെടുത്തതെന്നും അദ്ദേഹം പറയുന്നു.
ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഈ കെട്ടകാലത്തെ ഒരോ ദിവസവും മടുപ്പും വിരസതയും ഉത്കണ്ഠകളും നിറഞ്ഞ ഡാർക് സീനാണ്. അപ്പോഴാണ് break up-ന്റെ 666 ദിവസങ്ങളുടെ ഓർമ്മക്കായി, സ്വയം ഊതിനിറച്ച, 666 ചുവന്ന ബലൂണുകളെ ആകാശത്തിലേക്ക് കെട്ടിയുയർത്തിയ അജ്ഞാതകാമുകനെ കുറിച്ചുള്ള വാർത്ത കണ്ടത്. ജീവവായു നിറഞ്ഞ 666 ചുവന്ന ഹൃദയങ്ങൾ. ചെറിയൊരു ക്ഷതമേറ്റാൽ തകർന്നു പോവുന്ന വിലോല ഹൃദയങ്ങൾ. മഹാമാരിയുടെ ഈ കാലം ചുണ്ടുകളെ ചുണ്ടുകളിൽ നിന്നകറ്റി. ആശ്ലേഷങ്ങളെ, പരിലാളനകളെ, എന്തിന്, മൃദുസ്പർശ്ശങ്ങളെപ്പോലും ഇല്ലായ്മ ചെയ്ത, പ്രണയത്തെ റദ്ദ്ചെയ്ത കാലം. പ്രണയം നിഷേധിക്കപ്പെട്ടപ്പോൾ, പ്രിയപ്പെട്ടവളെ ഒരൊറ്റ വെടിയുണ്ടയുടെ നിർദ്ദയമായ ഏകാഗ്രതയിൽ തീർത്തുകളഞ്ഞ വാർത്തകൾ വായിച്ച കാലം. രാഗം രോഗമായി മാറുമ്പോൾ അത് ഹിംസാത്മകമാവുന്നു.
‘വാരിയംകുന്നനു’മായി മുന്നോട്ട്: അലി അക്ബർ
അപ്പോൾ അതിന് ചോരയുടെ ചുവപ്പ് വരും. ഉത്രയും വിസ്മയയും ഉറക്കം കെടുത്തിയ കാലം. ആ കാലത്ത് ചവിട്ടിനിന്നാണ് ഒരു യുവാവ് പിരിഞ്ഞു പോയവൾക്ക് 666 ചുവന്ന പകൽനക്ഷത്രങ്ങളെ സമ്മാനിച്ചത്. മാനത്ത് ഇന്നലെ പടർന്ന ആ ചുവപ്പ് തന്നെയായിരുന്നു, നാരായണിക്കായി മതിലിനു മുകളിലൂടെ പാറിവീണ ബഷീറിന്റെ റോസാപൂവിനും. “ലവ് ഇൻ ദ റ്റൈം ഓഫ് കോളറ”യിൽ കാമുകിയുടെ പ്രണയലേഖനം ഓരോവട്ടം വായിക്കുമ്പോഴും, ഫ്ലോറന്റിനൊ ഒരോ റോസാപൂ കഴിച്ചിരുന്നു. റോബർട്ട് ബെൺസ് എഴുതി,
“ My love is like a red red rose That’s newly sprung in june”
പ്രണയത്തിന്റെ ഉപാധികളില്ലാത്ത ഈ ചുവപ്പിനെയാണ്, ഇന്നലെ, നിത്യകാമുകനായ ഈ യുവാവ് വീണ്ടെടുത്തത്. തന്റെ ജീവവായു നിറച്ച ബലൂണുകളെ ആകാശത്തിലേക്കുയർത്തി കെട്ടിയിട്ട്, കാര്യം തിരക്കിയവരോട് അയാൾ പറഞ്ഞുവത്രെ, ” പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ” അജ്ഞാതകാമുകാ, നിനക്കും നല്ലത് വരട്ടെ. നിന്റെ ജീവരക്തത്തിൽ നിറയെ വസന്തത്തെ പാടിയുണർത്തുന്ന കുയിലുകളുണ്ടാവട്ടെ( ഈ വരിക്ക് ചുള്ളിക്കാടിനോട് കടപ്പാട്).
Post Your Comments