തൊണ്ണൂറുകളില്‍ മാദക സുന്ദരിയായി തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രകമ്പനം കൊള്ളിച്ച നടിയായിരുന്നു സില്‍ക് സ്മിത. കേവലം നാല് വര്‍ഷം കൊണ്ട് ഇരുന്നൂറിലധികം സിനിമകളെ അഭിനയിച്ച് സില്‍ക് 1996 ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സിനിമാലോകത്തോട് സിൽക്ക് വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇപ്പോഴിതാ നടിയും സിൽക്ക് സ്മിതയുടെ അടുത്ത സുഹൃത്തായ അനുരാധ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മരണത്തിന്റെ തലേദിവസവും സില്‍ക്ക് അനുരാധയെ വിളിച്ചിരുന്നു. തന്നോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും അന്ന് തനിക്ക് ചെല്ലാൻ കഴിഞ്ഞിരുന്നില്ല എന്നും പിറ്റേ ദിവസം എത്താമെന്നും പറഞ്ഞു. എന്നാൽ പിന്നീട് കേൾക്കുന്നത് സിൽക്കിന്റെ മരണ വർത്തയായിരുന്നുവെന്ന് അനുരാധ വേദനയോടെ ഓർക്കുന്നു. ഒരുപക്ഷെ താൻ അന്ന് സിൽക്ക് വിളിച്ചപ്പോൾ പോയിരുന്നെങ്കിൽ ഇന്നും ഈ ഭൂമിയിൽ അവർ ഉണ്ടാകുമായിരുന്നുവെന്ന് അനുരാധ പറയുന്നു.
അനുരാധയുടെ വാക്കുകൾ:
‘മരണത്തിന് നാല് ദിവസം മുന്‍പ് അവള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. പ്രത്യേകിച്ച് ദു:ഖമുള്ളതായി ഒന്നും തോന്നിയില്ല. അവള്‍ കന്നടയിലെ ഐറ്റം സോംഗ് ചെയ്യുന്ന സമയമായിരുന്നു അത്. ഞാന്‍ ചെന്നൈയിലായിരുന്നു. എനിക്കും ഷൂട്ടിങ് ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 22ന് രാത്രി 8 ന് എനിക്ക് അവളുടെ കോള്‍ വന്നു. എന്തു ചെയ്യുകയാണെന്ന് ചോദിച്ചു. ഞാന്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. മാത്രമല്ല എന്റെ ഭര്‍ത്താവ് ഒരു ദീര്‍ഘയാത്രയ്ക്ക് ശേഷം ചെന്നൈയില്‍ എത്തുന്ന ദിവസമായിരുന്നു അത്. അവള്‍ എന്നോട് ചോദിച്ചു, ‘ഇവിടം വരെ വരാമോ, അത്യാവശ്യമായി സംസാരിക്കണമായിരുന്നു’. കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സതീഷ് ആണെങ്കില്‍ എത്തിയിട്ടുമില്ല. ഞാന്‍ പറഞ്ഞു ‘ ഇപ്പോള്‍ കുറച്ച് പണിയുണ്ട് നാളെ വന്നാല്‍ മതിയോ? കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് നാളെ രാവിലെ 9 മണിക്ക് ഞാന്‍ വരാം. സില്‍ക്ക് എന്നെ നിര്‍ബന്ധിച്ചില്ല. ശരി നാളെ വരൂ എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. പിന്നീട് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കേട്ടത്. അവളുടെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ആ രാത്രി വിളിച്ചപ്പോള്‍ ഞാന്‍ പോയിരുന്നെങ്കില്‍ ഒരു പക്ഷെ അവളിന്ന് ജീവനോടെ ഉണ്ടായേനെ. എനിക്ക് അവളെ സഹായിക്കാക്കാന്‍ കഴിഞ്ഞില്ലല്ലോ.’
Post Your Comments