കോവിഡ് മൂലം റിലീസ് നീണ്ടു പോകുന്ന സിനിമകളിൽ ഒന്നാണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. എന്നാൽ നിലവിൽ സംസ്ഥാനത്ത് തിയറ്ററുകൾ വീണ്ടും തുറക്കാൻ സാധ്യത നിലനിൽക്കെ മരക്കാർ റിലീസ് വീണ്ടും വൈകും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
തിയേറ്ററുകള്‍ തുറന്നാലും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ഉണ്ടാവില്ല. ഇത് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിയ്ക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
2016ൽ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവെക്കുകയായിരുന്നു.
പ്രണവ് മോഹൻലാല്‍, അര്‍ജ്ജുന്‍ , പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷന്‍. അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളിലായാണ് ചിത്രം റിലീസ് ചെയ്യുക.
Post Your Comments