പ്രേഷകരുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ബാലതാരമായി ചെറിയ വേഷങ്ങളിലൂടെയാണ് വിഷ്ണു സിനിമയിലേക്കെത്തുന്നത്. ഇപ്പോഴിതാ നടൻ സലിം കുമാറിനെ കുറിച്ച് വിഷ്ണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ സലിം കുമാറിനെ കുറിച്ച് വാചാലനായത്.
തന്റെ ആദ്യ സിനിമ മുതൽ സലിം കുമാറിനൊപ്പമുള്ള കോമ്പിനേഷനുകളിലാണ് അഭിനയിച്ചു വന്നിരുന്നതെന്നും. അതുകൊണ്ട് തന്നെയാണ് താൻ തുടക്കം മുതലേ ശ്രദ്ധിക്കപ്പെട്ടതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു. തന്റെ എല്ലാ തിരക്കഥ എഴുതുമ്പോഴും സലിം കുമാറിന് ഒരു വേഷം ഉണ്ടാവും എന്നും വിഷ്ണു പറഞ്ഞു.
‘സത്യത്തിൽ സലീമേട്ടൻ ഒരു ലെജൻഡാണ്. ഒരിക്കലും മടുക്കില്ല. കുതിരവട്ടം പപ്പുവിനെ പോലെയൊക്കെ. ഞങ്ങളുടെ ആദ്യ തിരക്കഥ മുതൽ സലീമേട്ടൻ ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല. എനിക്ക് വളരേക്കാലം മുതൽ തന്നെ സലീമേട്ടനെ അറിയാം. എന്റെ ആദ്യ സിനിമ എന്റെ വീട് അപ്പൂന്റേം ആണ്. സലീമേട്ടനെ മൂങ്ങാ ചേട്ടാ എന്ന് വിളിക്കുന്ന രംഗമാണ് ആദ്യത്തേത്. പിന്നെ എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് മായാവി എന്ന സിനിമയിലാണ്. ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ ആ സിനിമയിൽ. അത് സലീമേട്ടനെ ചീത്ത വിളിക്കുന്നതായിട്ടായിരുന്നു. പിന്നെ രാപ്പകൽ എന്ന സിനിമയിൽ ഉണ്ടായിരുന്നതും സലീമേട്ടനോടൊപ്പമുള്ള രംഗമായിരുന്നു. ആനവാൽ ചോദിക്കുന്ന സീൻ.
തന്റെ തുടക്കസമയത്ത് വർഷത്തിലൊരിക്കൽ ഒരു സീൻ അല്ലെങ്കിൽ ഒരു ഷോട്ട് ഒക്കെയാണ് കിട്ടാറുണ്ടായിരുന്നത്. അതെല്ലാം സലീമേട്ടന്റെ കൂടെ ആയിരുന്നു എന്നുള്ളതുകൊണ്ട് അവയെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സന്തോഷമുള്ള കാര്യം’, വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
Post Your Comments