ന്യൂഡൽഹി: പ്രമോയിൽ കാണിച്ച പാട്ട് സിനിമയിൽ കാണിച്ചില്ല എന്ന യുവതിയുടെ പരാതിയിൽ നിർമ്മാണ കമ്പനിയായ യാഷ്രാജ് ഫിലിമ്സിനെതിരെ (വൈആർഎഫ്) ദേശിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ട നഷ്ടപരിഹാര നടപടിയിൽ സുപ്രീംകോടതിയുടെ സ്റ്റേ.
ഷാരൂഖ് ഖാൻ അഭിനയിച്ച ‘ഫാൻ’ എന്ന ചിത്രത്തിലെ ‘ജബ്ര ഫാൻ’ എന്ന ഗാനം സിനിമയിൽ നിന്നും ഒഴിവാക്കിയതിൽ നിരാശയായ യുവതിയാണ് സിനിമയ്‌ക്കെതിരെ പരാതി നൽകിയത്. തുടർന്ന് നിർമ്മാണ കമ്പനി ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ച് എൻസിഡിആർസി പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. നിർമ്മാണ കമ്പനി സമർപ്പിച്ച വിടുതൽ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
‘ഫാൻ’ സിനിമയുടെ പ്രൊമോകളിലും ട്രെയിലറുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന ‘ജബ്ര ഫാൻ’ എന്ന ഗാനം സിനിമയിൽ നൽകാതെ വഞ്ചിച്ചതായി അഫ്രീൻ ഫാത്തിമ സെയ്ദി എന്ന യുവതിയാണ് പരാതി നൽകിയത്. ഗാനം സിനിമയിൽ നിന്നുള്ളത് അല്ലെന്ന് അറിഞ്ഞതിനാൽ, ചിത്രം കണ്ടു വന്ന രാത്രി തന്റെ കുട്ടികൾ ഭക്ഷണം കഴിച്ചില്ലെന്നും ഇത് അവരിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു എന്നും കാണിച്ചായിരുന്നു പരാതി.
ജില്ലാ ഉപഭോക്തൃ ഫോറം യുവതിയുടെ പരാതി നിരസിച്ചെങ്കിലും മഹാരാഷ്ട്ര സംസ്ഥാന കമ്മിഷൻ അവരുടെ ഹർജി അനുവദിക്കുകയും 2017ൽ 10,000 രൂപ നഷ്ടപരിഹാര തുകയോടൊപ്പം 5,000 രൂപ നിയമ വ്യവഹാര തുകയും നൽകാൻ വൈആർഎഫിനോട് നിർദ്ദേശിക്കുകയുമായിരുന്നു.
എന്നാൽ ‘ജബ്ര ഫാൻ’ എന്ന ഗാനം സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണെന്ന് അണിയറ പ്രവർത്തകർ പല അഭിമുഖങ്ങളിലും വേദികളിലും പറഞ്ഞിട്ടുണ്ടെന്നും ഇത്തരത്തിൽ ഗാനം ഉപയോഗിക്കുന്നത് സാധാരണ പ്രക്രിയ ആണെന്നും നിർമ്മാണ കമ്പനി വ്യക്തമാക്കി.
2016 ഏപ്രിൽ 15നാണ് ‘ഫാൻ’ റീലിസ് ചെയ്തത്. മനീഷ് ശർമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരുഖ് ഖാൻ അഭിനയിച്ചത്. സയനി ഗുപ്ത, ശ്രിയ പിൽഗാവ്കർ എന്നിവരാണ് ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തിയത്.
Post Your Comments