വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു സാജൻ സാഗര. ഇന്ന് അദ്ദേഹം വിട പറഞ്ഞിട്ട് 16 വർഷം തികയുകയാണ്. 2005 സെപ്തംബർ 19 നാണ് 29-ാം വയസ്സിൽ കേരളത്തിലേക്കും ഏറ്റവു പൊക്കം കുറഞ്ഞ മനുഷ്യനായ സാജന്റെ വിയോഗം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മയിൽ വിനയൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ദൈവം ഒരുനിമിഷം മാറി ചിന്തിച്ചിരുന്നുവെങ്കിൽ എനിക്ക് പൃഥ്വിരാജിന്റെ പൊക്കം വന്നേനെ എന്ന് ദുഃഖത്തോടെ അന്ന് സാജൻ തന്നോട് പറഞ്ഞിരുന്നുവെന്ന് വിനയൻ പറയുന്നു.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് :
വലിയ കൊച്ചു മനുഷ്യരെ സ്മരിക്കുമ്പോൾ..
‘അത്ഭുതദ്വീപ്’ എന്ന സിനിമയിൽ കൊട്ടാരം ചമയക്കാരനായി ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത സാജൻ സാഗര അന്തരിച്ചിട്ട് ഇന്നു 16 വർഷം തികയുകയാണ്..2005 സെപ്തംബർ 19 നാണ് 29-ാം വയസ്സിൽ കേരളത്തിലേക്കും ഏറ്റവു പൊക്കം കുറഞ്ഞ മനുഷ്യനായ സാജൻ വിടപറഞ്ഞത്.
2005 ഏപ്രിൽ ഒന്നിന് അത്ഭുതദ്വീപ് റിലീസ് ചെയ്തതോടെ ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യർ പെട്ടെന്നു നമ്മുടെ സമൂഹത്തിൽ സെലബ്രിറ്റികളും താരങ്ങളുമായി മാറുകയായിരുന്നു.. ആ ചിത്രത്തോടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്നത്തെ നമ്മുടെ ഗിന്നസ് പക്രു മാത്രമല്ല.. ഒട്ടേറെ കുഞ്ഞു മനുഷ്യർ ചാനൽ പ്രോഗ്രാമുകളിലും മിമിക്രികളിലും ഒക്കെ പങ്കെടുത്ത് പണം സമ്പാദിക്കുകയും .. തങ്ങളും മറ്റു സിനിമാ നടന്മാരെയോ കലാകാരന്മാരെയോ പോലെ പ്രേക്ഷകർ ശ്രദ്ധിക്കുന്ന ആളുകളാണെന്ന ആത്മവിശ്വാസത്തിലെത്തുകയും ചെയ്തു.. അവർക്കു കിട്ടിയ ആ പോസിറ്റീവ് എനർജിയും സന്തോഷവുമാണ് എന്നുമെന്നെ സംതൃപ്തനാക്കുന്നത്..
അത്ഭുതദ്വീപിൻെറ ചിത്രീകരണ സമയത്ത് ആ സിനിമയിലെ ഏറ്റവും ചെറിയ മനുഷ്യൻ സാജൻ സാഗര തൻെറ മനോഹരമായ ചിരി ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞ ഒരു വാക്കുണ്ട്.. ഞങ്ങളൊക്ക ദൈവത്തിൻെറ ഒരു തമാശയല്ലേ സാർ.. പക്ഷേ ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കിൽ നമ്മുടെ പ്യഥ്വിരാജിൻെറ പൊക്കം എനിക്കും, എൻെറ പൊക്കം പ്യഥ്വിരാജിനും വന്നേനെ.. ഇതു പറഞ്ഞു വീണ്ടും പൊട്ടിച്ചിരിച്ച സാജൻെറ വാക്കുകളിൽ പൊക്കം കുറഞ്ഞതിൻെറ വേദന നിഴലിക്കുന്നതു ഞാൻ കണ്ടു.. അംഗവൈകല്യം ഒന്നുമില്ലാതെ ഈ ഭൂമിയിൽ ജനിച്ചു ജീവിക്കാൻ കഴിയുന്നതു തന്നെ മഹാഭാഗ്യമാണെന്നു ചിന്തിപ്പിക്കാൻ ഉതകുന്ന വാക്കുകളായിരുന്നു അത്..
അത്ഭുതദ്വീപ് ഇങ്ങിയ ശേഷം സാജന് ധാരാളം സ്റ്റേജ് പ്രോഗ്രാമുകൾ കിട്ടി.. വലിയ തിരക്കായി.. ഒരു പരിപാടിയുടെ റിഹേഴ്സൽ നടക്കുമ്പോൾ ബെഞ്ചിൽ നിന്നും താഴെ വീണ ആ വലിയ കലാകാരനായ കുഞ്ഞുമനുഷ്യൻെറ ജീവിതം അവിടെ തീരുകയായിരുന്നു..
ഈ ഫോട്ടോയിൽ സാജൻെറ പുറകിൽ നിൽക്കുന്നത് അത്ഭുതദ്വീപിൽ രാജഗുരു ആയി അഭിനയിച്ച മറ്റൊരു അനുപമ കലാകാരൻ വെട്ടൂർ പുരുഷൻ ചേട്ടനാണ്. 2017 ൽ അദ്ദേഹം അന്തരിച്ചു. എൻെറ തൊട്ടു പുറകിൽ നിൽക്കുന്നത് മറ്റൊരു രാജാവായി അഭിനയിച്ച പിറവം സാജനാണ്. അദ്ദേഹവും 2014 ൽ നമ്മളോടു വിടപറഞ്ഞു.. പുറകിൽ നിൽക്കുന്ന വേറൊരാളിൻെറ പേര് എനിക്കറിയില്ല..
പിന്നെ കൂടെയുള്ളത് നമ്മുടെ ജഗജാലകില്ലാടി ആയ നായകൻ ഗിന്നസ് പക്രുവാണ്..
എല്ലാവരും നിഷ്കളങ്കമായി സ്നേഹിക്കാൻ മാത്രമറിയുന്ന പാവങ്ങളാണ്.. അത്ഭുതദ്വീപു കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷം മലയാള സിനിമാ തമ്പുരാക്കൻമാർ ഇനി വിനയൻ സിനിമയേ ചെയ്യണ്ട എന്ന തീട്ടൂരം പുറപ്പെടുവിച്ചു വിലക്കിയപ്പോൾ ഈ പൊക്കം കുറഞ്ഞവർ പലരും എൻെറ നമ്പർ സംഘടിപ്പിച്ചെടുത്ത് എന്നെ വിളിച്ചിരുന്നു.. പൊക്കം കൂടിയ നടൻമാർ ആരും അന്നു വിളിക്കാത്തതിനു കാരണം അവരുടെ അവസരം പോയാലോ എന്നോർത്തായിരുന്നു എങ്കിൽ.. അതിനേക്കാൾ വലുത് തങ്ങൾക്കവസരം തന്നയാളിനോട് സ്നേഹം കാണിക്കുന്നതാണ് എന്നു ചിന്തിച്ച കൊച്ചു ശരീരവും വലിയ മനസ്സും ഉള്ളവരാണിവർ.. ചിലർ കരഞ്ഞു കൊണ്ട് ചോദിച്ചിട്ടുണ്ട്. സാറിന് ഇനി സിനിമ ചെയ്യാനേ പറ്റില്ലേ..? എല്ലാ വിലക്കുകളും ലംഘിച്ചു കൊണ്ട് ഉടനേതന്നെ സിനിമ ചെയ്യും എന്ന് ഞാനവരേ ആശ്വസിപ്പിച്ചു.. അതായിരുന്നു “യക്ഷിയും ഞാനും”
അതിൽ കോഴിക്കോട്ടുകാരൻ കൊച്ചു മനുഷ്യൻ ബാലകൃഷ്ണൻ അഭിനയിച്ചു..
ഭിന്നശേഷിക്കാരായ കഥാപാത്രങ്ങളേ നായകരാക്കി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ആറേഴു സിനിമകൾ ഞാൻ ചെയ്തിരുന്നു.. അതെല്ലാം ജനങ്ങൾ സ്വീകരിച്ച വിജയ ചിത്രങ്ങളുമായിരുന്നു..ഈ കൊച്ചു മനുഷ്യരെ അനുസ്മരിച്ചെഴുതിയ കുറിപ്പ് കുറച്ചു നീണ്ടു പോയി…സാജൻ സാഗരയുടെ ഈ ഒാർമ്മദിനത്തിൽ ആ വലിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
https://www.facebook.com/directorvinayan/posts/431985151619670?__cft__[0]=AZXmjDh1qd2HDxsukxxKtRObpWa-u9KQiabwbZ_Pjyq8catf_WIF3NP7cDK7CtIfb49zbb4dx1P8HZYQcUwFU-AhigAdj0FXQ-1i__z3X3n59u8U0Jj2SA3Dm2fLWJqBRO3XpP5QKGvVfLZlzitA2VYV&__tn__=%2CO%2CP-R
Post Your Comments