ചെന്നൈ : തമിഴ്നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംഘടനയ്ക്ക് അനുമതി നൽകി നടൻ വിജയ്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബർ 6, 9 തീയതികളിൽ നടക്കുന്നത്. ഇതിൽ മത്സരിക്കാൻ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് വിജയ് അനുമതി നൽകിയിരിക്കുകയാണ്.
അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തംനിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദേശം.
വിജയ്യുടെ രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായിട്ടാണ് ആരാധകസംഘടനയിൽ നിന്നുള്ളവർ മത്സരിക്കുന്നതെന്നാണ് വിലയിരുത്തലെങ്കിലും വിജയ് മക്കൾ ഇയക്കം നേതാക്കൾ ഇത് തള്ളി. സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് വ്യക്തിപരമായ താത്പര്യത്തിന്റെ പേരിൽ മത്സരിക്കാനാണ് അനുമതിയെന്നാണ് വിശദീകരണം.
Post Your Comments