GeneralKollywoodLatest NewsMollywoodNEWS

പൊന്നിയൻ സെൽവത്തിന്റെ ചിത്രീകരണത്തിനിടയിൽ അപകടം: ബാബു ആന്റണിയുടെ ശസ്ത്രക്രിയ വിജയകരം

ചിത്രീകരണത്തിന്റെ ആദ്യദിവസങ്ങളിൽ സംഭവിച്ച പരുക്ക് വകവയ്ക്കാതെ അഭിനയം തുടർന്ന ബാബു ആന്റണി രണ്ടു മാസത്തിനു ശേഷമാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയൻ സെൽവം’ സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തെ തുടർന്ന് നടൻ ബാബു ആന്റണി ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയമായിരുന്നെന്നും ഇപ്പോൾ അമേരിക്കയിൽ വിശ്രമത്തിലാണെന്നും ബാബു ആന്റണി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ചിത്രീകരണത്തിന്റെ ആദ്യദിവസങ്ങളിൽ സംഭവിച്ച പരുക്ക് വകവയ്ക്കാതെ അഭിനയം തുടർന്ന താരം രണ്ടു മാസത്തിനു ശേഷമാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. പരിക്ക് പറ്റിയിട്ടും തന്നെ ഒഴിവാക്കാതെ അഭിനയിക്കാൻ അനുവദിച്ചതിന് മണിരത്നത്തിന് നന്ദിയും ബാബു ആന്റണി അറിയിക്കുന്നുണ്ട്.

ബാബു ആന്റണിയുടെ വാക്കുകൾ:

‘പൊന്നിയിൻ സെൽവം ഷൂട്ടിന്റെ തുടക്കത്തിൽ എന്റെ ഇടതുതോളിനേറ്റ പരിക്ക് ഒടുവിൽ ഭേദമാക്കി. രാവിലെ 10.20 ന് അവർ എന്നെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയി, ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലേക്ക് വിട്ടു. എന്റെ കയ്യിലെ ‘അറ്റകുറ്റപണികൾ’ തീർക്കാൻ അവർക്ക് വേണ്ടി വന്നത് വെറും അരമണിക്കൂർ. ഷൂട്ടിനിടയിലും ഞാൻ വളരെയധികം സൂക്ഷിച്ചിരുന്നത് കൊണ്ട് പരിക്ക് പറ്റി രണ്ടു മാസമായിട്ടും കൂടുതൽ മോശമായില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. തമാശ എന്താണെന്നു വച്ചാൽ, ഷൂട്ടിനിടെ ഈ കൈ വച്ച് ഞാൻ കുതിരപ്പുറത്ത് കയറുകയും സിനിമയിലെ ശത്രുക്കളോട് പോരാടുകയും ചെയ്തിരുന്നു. ഈ കാര്യം പക്ഷേ, ഞാൻ ഡോക്ടറോട് പറഞ്ഞില്ല.

ഞാനൊരു അഭിനേതാവാണെന്ന് ആശുപത്രിയിലെ ആ ഫ്ലോറിലുള്ള ഒരു ഇന്ത്യൻ ഡോക്ടർ വഴി എല്ലാവരും അറിഞ്ഞിരുന്നു. സർജറി ലിസ്റ്റിൽ എന്റെ പേരു കണ്ട് തിരിച്ചറിഞ്ഞ ആ ഡോക്ടർ ഒരു കുട്ടിയെപ്പോലെ ആവേശഭരിതനായിട്ടാണ് സഹപ്രവർത്തകരോട് എന്നെക്കുറിച്ച് സംസാരിച്ചത്. ‘ഇദ്ദേഹം വളരെ പ്രശസ്തനായ ഗംഭീര നടനാണ്’ എന്നായിരുന്നു ആ ഡോക്ടർ പറഞ്ഞത്. അദ്ദേഹം ഇന്ന് ഡ്യൂട്ടിയിലായതിനാൽ മറ്റൊരാളെക്കൊണ്ട് എന്റെ ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. അവരുടെ സ്നേഹവും സഹകരണവും നല്ല പരിചരണവും എന്റെ പരിക്കിനെ ഭേദമാക്കി. ഇവിടെ സർജറി ചെയ്‌താൽ ഇന്ത്യയിൽ കിട്ടുന്നതുപോലെ വേണ്ട ശ്രദ്ധയും പ്രത്യേക പരിഗണനയും കിട്ടില്ല എന്ന ഒരു മണ്ടൻ ധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ, അതൊരു തെറ്റായ തോന്നലാണെന്ന് എനിക്കിവിടെ നിന്നും കിട്ടിയ കരുതലും ശ്രദ്ധയും അനുഭവിച്ചപ്പോൾ മനസ്സിലായി.

നല്ല ആക്ഷൻ രംഗങ്ങൾ ആവശ്യപ്പെടുന്ന ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയൻ സെൽവൻ. എന്റെ തോളെല്ലിന് വലിയ പരിക്കാണ് പറ്റിയതെന്ന് എംആർഐ കണ്ടു മനസ്സിലാക്കിയിട്ടും മണിരത്നം സർ എന്നെ തുടരാൻ അനുവദിച്ചു. ആ ധൈര്യം കാണിച്ചതിനെ ആദരിക്കാതെ വയ്യ. കാരണം, ഷൂട്ടിന്റെ തുടക്കത്തിൽ സംഭവിച്ച പരിക്കായതിനാൽ അദ്ദേഹത്തിന് വേണമെങ്കിൽ എന്നോട് ഖേദം പ്രകടിപ്പിച്ച് ഒഴിവാക്കാമായിരുന്നു. ഞാൻ അമേരിക്കയിലേക്ക് തിരിച്ചു വരാൻ തയ്യാറുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, കഴിഞ്ഞ രണ്ടുമാസം സന്തോഷത്തോടെ അവസാനിച്ച ഒരു റോളർ കോസ്റ്റർ റൈഡ് പോലെ ആയിരുന്നു. പുഷ് അപ്പും പുൾ അപ്പും ഒഴികെ ബാക്കിയെല്ലാ കാര്യങ്ങളും മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ദൈവം വലിയവനാണ്, ബാബു ആന്റണി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button