കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോയ്ക്ക് ഒപ്പം ചിത്രത്തിന്റെ സംവിധായകൻ ബേസില്‍ ജോസഫ് ആണെന്നതും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ കൂട്ടുന്നു. എന്നാൽ കോവിഡ് കാലത്ത് വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറയുന്നു. ഇത്രയും പ്രതിസന്ധികളിലൂടെ കടന്നു പോയൊരു ചിത്രം താന്‍ മുമ്പ് ചെയ്തിട്ടില്ല എന്നാണ് ബേസില്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
111 ദിവസം നീണ്ടതായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഇതിനിടയിലായിരുന്നു രണ്ടു തവണ ലോക്ക്ഡൗൺ വന്നത്. ഈ സമയങ്ങളില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായി. ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തതായിരുന്നു ആദ്യത്തെ പ്രശ്‌നം. സെറ്റില്‍ തങ്ങള്‍ക്ക് എല്ലാവര്‍ക്കും കോവിഡ് വന്നു. തങ്ങളോടൊപ്പം ഉണ്ടായിരുന്ന രണ്ടു പേരുടെ വിയോഗം തളര്‍ത്തി. സംവിധായകനും എഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍ സാറും വയനാട്ടില്‍ നിന്നുള്ള അച്ചന്‍കുഞ്ഞു ചേട്ടനും. രണ്ടു പേരുടെയും ഡബ്ബിംഗ് പോലും പൂര്‍ത്തിയാക്കും മുമ്പായിരുന്നു ഇത്. നായകന്‍ ടൊവിനോയ്ക്ക് പരിക്ക് പറ്റി. ഇത്രയുമൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോയൊരു ചിത്രം മുമ്പ് ചെയ്തിട്ടില്ല. ബേസിൽ പറഞ്ഞു.
എന്നാല്‍ ഒരു മല്ലു സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കാനുള്ള ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നുവെന്നും ഒട്ടേറെ പരിമിതികളുണ്ടെങ്കിലും കോവിഡ് കാലത്തും സിനിമയ്ക്ക് വേണ്ട ഒരു ഘടകങ്ങളിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ബേസിൽ വ്യക്തമാക്കി.
Post Your Comments