GeneralLatest NewsMollywoodNEWS

3 വർഷത്തെ യാത്ര അവസാനിച്ചു, ഞങ്ങളുടെ കുഞ്ഞിനെ നെറ്റ്ഫ്ലിക്സിന് കൈമാറി: ബേസിൽ ജോസഫ്

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ മിക്‌സിങും കഴിഞ്ഞ് ചിത്രം പൂർണമായും നെറ്റ്ഫ്ലിക്സിന് കൈമാറിയെന്ന് അറിയിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്. മുംബൈയിലെ റെഡ് ചില്ലീസ് സ്റ്റുഡിയോയിൽ നടന്ന ചിത്രത്തിന്റെ പ്രത്യേക പ്രീമിയറിനു ശേഷം സംസാരിക്കുകയായിരുന്നു ബേസിൽ.

ബേസിൽ ജോസഫിന്റെ വാക്കുകൾ:

‘മിന്നൽ മുരളിയുമായി ഞങ്ങൾ നടത്തിയ 3 വർഷത്തെ നീണ്ട യാത്രയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. . അവസാന മിനുക്കുപണികളും പൂർത്തിയാക്കി ഞങ്ങളുടെ കുഞ്ഞിനെ നെറ്റ്ഫ്ലിക്സിന് കൈമാറി. മൂന്നുവർഷക്കാലം ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചിത്രം ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഏടായി മാറിക്കഴിഞ്ഞു. ഈ സിനിമയ്ക്കായി ചെലവഴിച്ച ഓരോ നിമിഷവും സംഭവബഹുലവും സമ്മർദ്ദപൂരിതവുമായിരുന്നു. കോവിഡ് മഹാമാരി മിന്നൽ മുരളിയുടെ യാത്രയെ ദുർഘടം നിറഞ്ഞതാക്കിയിരുന്നു. പക്ഷേ അതിനിടയിലും, ഒരു നല്ല സിനിമ എന്ന ലക്ഷ്യത്തിലേയ്ക്ക് പ്രവർത്തിക്കാൻ മുഴുവൻ ടീമും പരമാവധി ശ്രമിച്ചത് ഓരോ നിമിഷവും ആസ്വാദ്യമാക്കി.’-ബേസിൽ പറയുന്നു.

‘എന്നെ വിശ്വസിക്കുകയും എല്ലായിടത്തും പിന്തുണയുടെ നെടുംതൂണാകുകയും ചെയ്ത ഞങ്ങളുടെ നിർമാതാവ് സോഫിയ പോളിനും അവരുടെ കുടുംബത്തിനും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഇത്തരമൊരു പരീക്ഷണാത്മക സിനിമയിൽ, പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ ആശങ്ക നിലനിൽക്കുമ്പോൾ ഇത്രയും വലിയൊരു നിക്ഷേപം നടത്താനുള്ള തീരുമാനം ഒരു വെല്ലുവിളി തന്നെയാണ്. കെവിൻ പോൾ, ബ്രോ നിങ്ങൾ ഒരു നിർമാതാവ് മാത്രമല്ല പല സന്ദർഭങ്ങളിലും നിങ്ങൾ ശരിക്കും ഒരു രക്ഷകൻ കൂടിയായിരുന്നു. ’

‘സൂപ്പർഹീറോ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നായകൻ തന്നെയാണ്, അമാനുഷികതയും സൗന്ദര്യവും ബലിഷ്ഠശരീരവും വേണ്ട ഈ സൂപ്പർ ഹീറോയ്ക്ക് ടൊവിനോ തോമസ് അല്ലാതെ മറ്റൊരു പകരക്കാരനില്ല. ഒരു നടനും സംവിധായകനുമായുള്ള ബന്ധത്തിന് പുറമേ നിങ്ങളെനിക്കൊരു സഹോദരനും സുഹൃത്തുമൊക്കെ ആയിരുന്നു. എനിക്കുവേണ്ടി മാറ്റിവച്ച അമൂല്യസമയത്തിന് നിങ്ങളോട് ഞാനെന്നും കടപ്പെട്ടിരിക്കും.‘മിന്നൽ മുരളി എന്ന അമാനുഷിക കഥാപാത്രത്തെ കടലാസിൽ കോറിയിട്ട എന്റെ പ്രിയപ്പെട്ട എഴുത്തുകാരായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവിനും നന്ദി. കഥാപാത്രം ഉള്ളിൽ പേറിയതു മുതൽ ഒരു യാഥാർഥ്യമാകുന്നതുവരെയുള്ള യാത്രയിൽ ഒരുമിച്ചുണ്ടായിരുന്ന നിങ്ങളോടൊപ്പമുള്ള സമയം എനിക്കൊരു പഠനാനുഭവമായിരുന്നു’.

‘തന്റെ മാസ്മരിക ഫ്രെയിമിലൂടെ എന്റെ കഥാപാത്രത്തിന് പൂർണരൂപം കൊടുത്ത എന്റെ പ്രിയപ്പെട്ട സമീർ താഹിർ ഇക്കയ്ക്ക് നന്ദി,. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ നിങ്ങൾ എനിക്ക് നൽകിയ എല്ലാ ധാർമ്മിക പിന്തുണയ്ക്കും ആത്മവിശ്വാസത്തിനും നന്ദിപറഞ്ഞാലൊന്നും മതിയാകില്ല . നിങ്ങളോടുള്ള കടപ്പാട് എന്നും എന്റെ ഉള്ളിലുണ്ടാകും.’

‘ഒരു നല്ല മനുഷ്യനും മികച്ച നടനും ഗുരുവായ സോമസുന്ദരം സാറിനും നന്ദി. അജു ഏട്ട എന്റെ എക്കാലത്തെയും പ്രിയപ്പെട്ട വഴികാട്ടീ. ജീവിശ്വാസമായ സംഗീതം പകർന്നുതന്ന ഷാൻ റഹ്മാൻ ഇക്ക, സുഷിൻ ശ്യാമ്, ആത്മാർഥമായ വരികൾക്ക് മനു മഞ്ജിത്ത് എല്ലാവരോടും മനസ്സുനിറഞ്ഞ നന്ദി. ഞങ്ങളുടെ സാങ്കൽപ്പിക കഥാ ലോകം യഥാർത്ഥമാക്കി മാറ്റിയതിന് കലാസംവിധായകൻ മനു ജഗദ് ചേട്ടനോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അതിമനോഹരമായതും കുറ്റമറ്റതുമായ എഡിറ്റിങിനും വിഎഫ്എക്സിനും എഡിറ്റർ ലിവിംഗ്സ്റ്റൺ മാത്യുവിനോടുള്ള കടപ്പാട് പറഞ്ഞാൽ തീരുന്നതല്ല.’

‘ആൻഡ്രൂ ജേക്കബ് ഡിക്രസും അദ്ദേഹത്തിന്റെ മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോയും സ്ക്രിപ്റ്റിങ് സമയം മുതൽ തന്ന ഇൻപുട്ടുകളും അമ്പരപ്പിക്കുന്ന വിഎഫ്എക്‌സും ഈ യാത്ര കൂടുതൽ സുഗമമാക്കി. വളരെ രസകരവും സൗകര്യപ്രദവുമായ ആക്‌ഷൻ രംഗങ്ങൾക്കും സഹകരണത്തിനും പ്രിയപ്പെട്ട ആക്‌ഷൻ ഡയറക്ടർ ഡയറക്ടർ വ്ലാഡിസ്ലാവ് റിംബർഗിന് നന്ദി. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയത് ഒരു അംഗീകാരമായിട്ടാണ് ഞാൻ കരുതുന്നത്.’

‘കഥകൾ പറയുന്ന സ്റ്റോറിബോർഡിനും, കോസ്റ്റ്യൂം ഡിസൈനുകൾക്കും, ക്യാരക്ടർ സ്കെച്ചുകൾക്കും പോസ്റ്ററുകൾക്കും പവി ശങ്കറിന് നന്ദി. മിന്നൽ മുരളിയുടെ വർണ്ണാഭമായ കോസ്റ്റ്യൂമുകൾക്ക് മെൽവി ജെ., സൗണ്ട് ഡിസൈൻനു ഹരികൃഷ്ണൻ, റിയലിസ്റ്റിക് മേക്കപ്പിന് ഹസ്സൻ വണ്ടൂർ ഇക്ക, പോസ്റ്റ് പ്രൊഡക്‌‌ഷൻ കുറ്റമറ്റതാക്കാൻ സഹായിച്ച അശ്വതിയും നിരഞ്ജും നിങ്ങൾ ടെക്നീഷ്യൻമാരെക്കാൾ ഈ കുടുംബത്തിന്റെ ഭാഗമായിരുന്നു എന്നതായിരിക്കും വാസ്തവം. അസിസ്റ്റന്റ് ഡയറക്ടർമാരുടെ ടീം, ഛായാഗ്രഹണം, ആർട്ട്, കോസ്റ്റ്യൂം അസിസ്റ്റന്റുമാർ, പ്രൊഡക്‌ഷൻ ടീം, മാർക്കറ്റിംഗ് ടീം, മകരന്ദ് സർട്ടെ, റെഡ് ചില്ലിസ് ടീം, ജസ്റ്റിൻ ചേട്ടൻ, സൗണ്ട് മിക്സിങ് ടീം, നിങ്ങളുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഈ സിനിമ യാഥാർത്ഥ്യമാക്കിയതിനും നന്ദി.’

‘നെറ്റ്ഫ്ലിക്സിന്റെ വിശ്വസ്തമായ കരങ്ങളിൽ ഇരിക്കുന്ന മിന്നൽ മുരളി എന്ന സിനിമ പ്രേക്ഷകർക്കായി കാത്തിരിക്കുകയാണ്. നിങ്ങൾ ഞങ്ങളുടെ സിനിമയ്ക്കായി കാത്തിരിക്കുന്നതുപോലെ നിങ്ങളുടെ അന്തിമവിധിക്കായി ഞങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ്. വിധി എന്ത് തന്നെയായാലും സംശയമില്ലാതെ പറയാൻ കഴിയും മിന്നൽ മുരളി ഞങ്ങൾക്ക് നിനിമയെന്നതിനപ്പുറം ഒരു വികാരമാണ്. ഇന്നലെ പ്രിവ്യൂവിൽ അപ്രതീക്ഷിതമായി അതിഥിയായെത്തിയ കുഞ്ചാക്കോ ബോബൻ ചേട്ടനോട് അദ്ദേഹത്തിന്റെ വിലയേറിയ സമയത്തിനും യഥാർത്ഥ ഫീഡ്‌ബാക്കിനും ഒത്തിരി നന്ദിയും സ്നേഹവും.’–ബേസിൽ പറഞ്ഞു.

https://www.instagram.com/p/CTtTBrmIMSd/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button